ആലുവ: ആലുവയിൽ വ്യാജലോട്ടറി ഉപയോഗിച്ച് ഏജൻസിയിൽ നിന്ന് യുവാവ് പണവും ലോട്ടറിയും തട്ടിയെടുത്തു. അടിച്ച ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് കബളിപ്പിച്ചത്. കഴിഞ്ഞദിവസം കിഴക്കേ കടുങ്ങല്ലൂരിൽ നടന്ന തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് ആലുവയിലും നടന്നത്.
ആലുവ റെയിൽവേ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ സബ് ഏജൻസിയായി നടത്തുന്ന ലോട്ടറി വില്പന കേന്ദ്രത്തിലാണ് കബളിപ്പിക്കൽ നടന്നത്. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുമായി തിങ്കളാഴ്ച രാത്രി 11.15 ഓടെയാണ് തട്ടിപ്പുകാരനെത്തിയത്. ടിക്കറ്റ് നൽകിയശേഷം സ്ഥാപനത്തിലെ ജീവനക്കാരോട് സമ്മാനമുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെട്ടു. കെ.പി 548850 നമ്പർ ടിക്കറ്റാണ് നൽകിയത്. 1,000 രൂപ അടിച്ചിട്ടുണ്ടെന്ന് അറിയിച്ചതോടെ 200 രൂപയുടെ ടിക്കറ്റുകളും ബാക്കി 800 രൂപയും വാങ്ങുകയായിരുന്നു.
തട്ടിപ്പുസംഘത്തിന് സമ്മാനം അടിച്ച ലോട്ടറിയും ഉണ്ടായിരിക്കാം. ഇതിന്റെ കളർ പകർപ്പുകൾ എടുത്ത് വ്യാജസീൽ പതിപ്പിച്ച് വിവിധ ഏജൻസികളിൽ നിന്നായി പണം തട്ടിപ്പ് നടത്തുന്നുണ്ടാകാമെന്നാണ് കരുതുന്നത്. ഒറിജിനൽ ടിക്കറ്റിൽ സീൽ പതിച്ച ഭാഗത്ത് തന്നെ വ്യാജസീലും രേഖപ്പെടുത്തും. ഏജൻസി നിലവിലുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. നീലഷർട്ട് ധരിച്ചെത്തിയ ഇയാൾക്ക് 30 വയസോളം തോന്നിക്കും. ലോട്ടറിയുടെ പിൻവശം വാലൂസ് ലക്കി സെന്റർ പട്ടാമ്പി എന്ന സീൽ പതിച്ചിട്ടുണ്ട്. ഏജൻസി നമ്പറും ഫോൺനമ്പറും ഉണ്ടെങ്കിലും ഇത് വ്യക്തമല്ല. ഒറിജിനൽ ലോട്ടറിയുടേതിന് സമാനമായ രീതിയിലാണ് ഫോട്ടോസ്റ്റാറ്റും. ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിയാനാകില്ല.
അസോസിയേഷന്റെ സി.സി ടി.വിയിൽ തട്ടിപ്പുകാരന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇതുസഹിതം ആലുവ പൊലീസിൽ പരാതി നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ, സെക്രട്ടറി എം.കെ. ഗോകുലൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞദിവസം കിഴക്കേ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം ലോട്ടറി വിൽക്കുന്ന വാത്തിയാട്ട് വീട്ടിൽ അശോകനും കബളിപ്പിക്കലിന് ഇരയായിരുന്നു. കാറിലെത്തിയ ആൾ 500 രൂപ സമ്മാനം അടിച്ച ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് പണം തട്ടിയത്.