erebuilt-kerala-samaram-
റീബിൽഡ് കേരളയിൽ അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആറാം വാർഡിലെ പ്രളയബാധിതർ നടത്തിയ നിരാഹാരസമരം.

# സമരത്തിനെത്തിയത് ആറാം വാർഡിലെ പ്രളയബാധിതർ

പറവൂർ : റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് അർഹമായ നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ച് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആറാം വാർഡിലെ പ്രളയബാധിതർ നിരാഹാര സമരം നടത്തി. അനിശ്ചിതകാല നിരാഹാര സമരത്തിനാണ് അവർ എത്തിയത്. പ്രസിഡന്റ് എ.ഐ. നിഷാദിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയതിനെത്തുടർന്ന് സമരം പിൻവലിച്ചു.

റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ സമരം ചെയ്തിട്ട് കാര്യമില്ലെന്നും റവന്യൂ അധികൃതർക്കാണ് പൂർണ ചുമതലയെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ധനസഹായ വിതരണം നടന്നത്. ഹൈക്കോടതി വിധിയെത്തുടർന്ന് റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഉടൻ ലോക് അദാലത്ത് നടക്കും. അതിൽ അപേക്ഷ നൽകുകയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.

രണ്ടാമത് അപ്പീൽ നൽകിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടർന്നാണ് ജനങ്ങൾ നിരാഹാര സമരത്തിനു പഞ്ചായത്തിലെത്തിയത്. അനർഹർക്ക് പണം നൽകുകയും അർഹരെ ഒഴിവാക്കുകയും ചെയ്തതായാണ് ആക്ഷേപം. ഗുണഭോക്തൃപട്ടിക പുന:പരിശോധിച്ച് അർഹരായവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പറവൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് പരാതികളുണ്ട്. കൂടുതലും ചിറ്റാറ്റുകര പഞ്ചായത്തിലാണ്. പറവൂർ വില്ലേജിലെ പുതിയ ഗുണഭോക്തൃ പട്ടികയിൽ 60 മുതൽ 74 വരെ ശതമാനത്തിലുള്ള ഗുണഭോക്താക്കളായ 68 പേരിൽ നാൽപ്പതിലേറെപ്പേർ ചിറ്റാറ്റുകര പഞ്ചായത്തിലെ 8, 9 വാർഡുകളിൽപ്പെടുന്നവരായത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ഇതിനെതിരെ മന്ത്രിതലത്തിൽ വരെ നിവേദനങ്ങൾ നൽകിയിട്ടും തുടർനടപടികളുണ്ടായില്ല. കുറഞ്ഞത് 60,000 രൂപയെങ്കിലും കിട്ടാൻ അർഹതയുള്ള ഒട്ടേറെപ്പേർക്ക് 10,000 രൂപ മാത്രമേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ. അർഹതയില്ലാത്തവർക്ക് ലക്ഷങ്ങൾ ലഭിച്ചതായി സമരക്കാർ പറയുന്നു.