കൊച്ചി : എറണാകുളത്തിന്റെ വികസനത്തിനു വേണ്ടി എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ അഞ്ചിന കർമ്മപരിപാടി പ്രകാശനം ചെയ്തു. സാമൂഹിക ശാസ്ത്രജ്ഞയും നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുകാര്യനിയമ വിദഗ്ദ്ധയായ വിനീത ഹരിഹരനും ഗുജറാത്തിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ ഡോ. ജയചന്ദ്രനും ചേർന്നാണ് കൊച്ചിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
ഹെൽപ്പ് ലൈൻ
അഞ്ചിന കർമ്മപരിപാടിയിൽ ആദ്യപരിഗണന എം.എൽ.എ ഓഫീസിന്റെ സേവനം ഓരോ വോട്ടർമാരുടെ വീട്ടിൽ എത്തിക്കുന്നതിനാണ്. 24 മണിക്കൂറും ജനങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടാനാകുന്ന ഹെൽപ്പ് ലൈൻ നമ്പർ ഉണ്ടാകും. പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്പ് തയ്യാറാക്കും. പ്രശ്‌നപരിഹാരത്തിനന് വീടുകളിലേയ്ക്ക് എത്തും. പരിഹാരം കാണുന്നത് വരെയുള്ള സഹായം ഉറപ്പ് വരുത്തും.
യാത്രാ ദുരിതത്തിന് പരിഹാരം
യാത്രാ ദുരിതത്തിന് പരിഹാരം കണ്ടെത്തും. സ്മാർട്ട് സിറ്റി മിഷന്റെ സഹായത്തോടെ റോഡ് വികസനത്തിന് ഫണ്ട് കണ്ടെത്തും. കേന്ദ്ര ബഡ്‌ജറ്റിൽ സ്മാർട്ട് സിറ്റി മിഷന് വകയിരുത്തിയ 9.940 കോടി രൂപയിൽ നിന്ന് കൊച്ചിയുടെ വിഹിതം വാങ്ങിയെടുക്കും.
മാലിന്യനിർമ്മാർജ്ജനം
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോർ മാതൃകയിൽ പദ്ധതി നടപ്പിലാക്കും. സ്വച്ഛ് ഭാരത് മിഷനുമായി ചേർന്ന് കർമ്മപരിപാടികൾ ആസൂത്രണം ചെയ്യും.
ഓടകൾ വൃത്തിയാക്കും
മാലിന്യം കെട്ടിക്കിടക്കുന്ന ഓടകൾ വൃത്തിയാക്കും. കേന്ദ്ര സഹായത്തോടെ ഐ.ഐ.ടി പോലുള്ള ഇൻസ്റ്റിട്ട്യൂട്ടുകളിൽനിന്ന് വിദഗ്ദ്ധരെ എത്തിച്ച് പഠനം നടത്തി സ്‌കെച്ച് തയ്യാറാക്കി ഓടകൾ തമ്മിൽ വൃത്തിയാക്കും.
കനാൽ കൈയേറ്റത്തിനെതിരെ നടപടി
കനാലുകൾ വൃത്തിയാക്കി അധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി എടുക്കും. കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിന് യു.കെയിലെ കനാൽ ആൻഡ് റിവർ ട്രസ്റ്റിന്റെ മാതൃകയിൽ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതി നടപ്പാക്കും.