ആലുവ: ശക്തമായ മഴയെത്തുടർന്ന് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് കാരണമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപമാണ് ഒരടിയോളം ഉയരത്തിൽ വെള്ളം ഉയർന്നത്.
300 മീറ്ററോളം നീളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ആലുവയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് ഒറ്റവരി ഗതാഗതം മാത്രമാണ് ഉണ്ടായത്. അതും വേഗത കുറച്ച്. ഇതോടെയാണ് ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായത്. അമ്പാട്ടുകാവ് ബസ് സ്റ്റോപ്പ് മുതൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷൻ വരെ വെള്ളത്തിനടിയിലായി. കാന നിർമ്മാണത്തിലെ അപാകതമൂലം ഇവിടെ ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് പതിവാണ്. അതിനാൽ കാൽനട യാത്ര വരെ ദുരിതത്തിലാണ്.
ഇന്ന് നെതർലാൻഡ് രാജാവും രാജ്ഞിയും കടന്നുപോകുന്ന റോഡാണിത്. അമ്പാട്ടുകാവിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയപാത അധികൃതരും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.എം.എസ് മേഖലാ സെക്രട്ടറി അനിൽ അമ്പാട്ടുകാവ് പറഞ്ഞു.