കൊച്ചി : തെരുവു കച്ചവടക്കാരെ കൊച്ചി നഗരസഭ ശല്യമായി കാണരുതെന്നും ഇവരോടു ശത്രുത പാടില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരൻ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.

തെരുവു കച്ചവടക്കാരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കരുതെന്നും പുതിയ കച്ചവടങ്ങൾ അനുവദിക്കരുതെന്നും സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് നൽകി. തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺ വെന്റിംഗ് കമ്മിറ്റി യോഗം ചേരുന്നില്ലെന്നും ഇൗ സമിതി സർവേ നടത്തി തയ്യാറാക്കിയ പട്ടിക നഗരസഭാ കൗൺസിൽ തള്ളിയെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. തുടർന്ന് തെരുവു കച്ചവടക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവുകൾ പാലിക്കാത്ത നഗരസഭാ കൗൺസിൽ പിരിച്ചു വിടാൻ സർക്കാരിനോട് നിർദ്ദേശിക്കുമെന്ന് നേരത്തെ സിംഗിൾബെഞ്ച് വിമർശിച്ചിരുന്നു.

എന്നാൽ തെരുവു കച്ചവടക്കാരുടെ പട്ടിക നഗരസഭാ കൗൺസിൽ തള്ളിയെന്ന വാദം ശരിയല്ലെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കി. ഇവരുടെ ജോലി ചെയ്യാനുള്ള മൗലികാവകാശം ഹനിക്കപ്പെടരുതെന്നും സർവേ നടത്തുന്നതിനു അമിക്കസ് ക്യൂറിയായി അഭിഭാഷകനെ നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാവങ്ങളെ അവഗണിക്കാൻ സർക്കാരിന് കഴിയില്ല. തെരുവു കച്ചവടക്കാരെ ആധുനികവത്കരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജി ഒക്ടോബർ 31 ന് വീണ്ടും പരിഗണിക്കും. നഗരത്തിൽ ചില മേഖലകളിൽ തെരുവു കച്ചവടം പാടില്ലെന്ന നഗരസഭയുടെ തീരുമാനത്തിന് കാരണം എന്താണെന്നും ടൗൺ വെന്റിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടിക നഗരസഭ നിരസിച്ചോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

 മുനിസിപ്പൽ പൊലീസ് സംവിധാനം സാദ്ധ്യമോ ?

വിദേശ രാജ്യങ്ങളിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനം, നഗരങ്ങളിലെ ട്രാഫിക് - മലിനീകരണ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ പൊലീസ് സംവിധാനമുണ്ട്. ഇവിടെ ഹെൽത്ത് ഇൻസ്പെക്ടർമാക്കാണ് ചുമതലയുള്ളത്. മുനി​സിപ്പൽ പൊലീസ് എന്ന വിഷയത്തിൽ സർക്കാരിനെന്തു ചെയ്യാനാവുമെന്നും ഹൈക്കോടതി ആരാഞ്ഞു.

 തെരുവു കച്ചവടം : സ്ഥലം കണ്ടെത്തൽ ദുഷ്കരമെന്ന് നഗരസഭ

ട്രാഫിക്, കാൽനട യാത്രക്കാർ തുടങ്ങിയവർക്ക് ശല്യമില്ലാത്ത തരത്തിൽ തെരുവു കച്ചവടത്തിന് സ്ഥലം കണ്ടെത്തുകയെന്നത് ദുഷ്കരമാണെന്ന് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള നഗരകാര്യ വകുപ്പ് ജോയിന്റ് റീജിയണൽ ഡയറക്ടർ ആർ.എസ്. അനു ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. തെരുവു കച്ചവടക്കാരുടെ പുനരധിവാസത്തിന് മേയർ എതിരാണെന്ന വാദം ശരിയല്ല. ഇക്കാര്യം തീരുമാനിക്കുന്നതിൽ മേയർക്ക് വ്യക്തിപരമായി പങ്കില്ല. ടൗൺ വെന്റിംഗ് കമ്മിറ്റി യോഗം ചേരുന്നില്ലെന്ന വാദം തെറ്റാണ്. നവംബർ രണ്ടാമത്തെ ആഴ്ചയിൽ യോഗം ചേരുന്നുണ്ട്. ടൗൺ വെന്റിംഗ് കമ്മിറ്റിയുടെ സർവേ റിപ്പോർട്ടനുസരിച്ച് 2122 തെരുവു കച്ചവടക്കാരാണുള്ളത്. ഇവരുടെ യൂണിയൻ നേതാക്കൾ കൂടി ഉൾപ്പെട്ട സബ് കമ്മിറ്റി ഇതു പരിശോധിച്ച് 1989 പേരാണുള്ളതെന്ന് സ്ഥിരീകരിച്ചു. എന്നാലിവർക്ക് കച്ചവടം നടത്താൻ സ്ഥലം കണ്ടെത്തുന്നതു സംബന്ധിച്ചാണ് കൗൺസിൽ യോഗത്തിൽ തർക്കം ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.