കൊച്ചി : പനമ്പിള്ളി നഗറിൽ ലൈസൻസില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി അഭിഭാഷക കമ്മിഷണറെ നിയോഗിച്ചു. വീടുകൾ വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാനുള്ള 101 അപേക്ഷകളിൽ 76 എണ്ണത്തിന് അനുമതി നൽകിയെന്നും ലൈസൻസിനുള്ള 129 അപേക്ഷകളിൽ 11 എണ്ണത്തിന് ലൈസൻസ് നൽകിയെന്നും കൊച്ചി നഗരസഭ അറിയിച്ചു. എന്നാൽ നിർമ്മാണ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് വീടുകൾ വ്യാപാര സ്ഥാപനങ്ങളാക്കാനുള്ള അപേക്ഷകളിൽ ചട്ടപ്രകാരമുള്ള അളവു മാനദണ്ഡങ്ങൾ പരിഗണിക്കാതെ അനുമതി നൽകിയിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് അഡ്വ. രാജേഷ് കണ്ണനെ അഭിഭാഷക കമ്മിഷണറായി നിയമിച്ചത്. വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റിയവ മുൻകൂർ നോട്ടീസ് നൽകി കമ്മിഷണർ പരിശോധിച്ച് ഒക്ടോബർ 29 നകം റിപ്പോർട്ട് നൽകണം. അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകാനാവൂ എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 30 ന് വീണ്ടും പരിഗണിക്കും.