മരട്: ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുള്ള കാര്യങ്ങളിൽ പരിസരവാസികളുടെ ആശങ്കകൾ ഇന്നലെ ചേർന്ന യോഗത്തിൽ അലയടിച്ചു.

നാശനഷ്ടങ്ങൾ ഉണ്ടായാൽ ഇൻഷ്വറൻസ് തുക സർക്കാർ വാങ്ങി നൽകണമെന്നായിരുന്നു യോഗത്തിൽ പ്രധാന ആവശ്യം. ആൽഫവെഞ്ച്വേഴ്സ്, ജെയിൻകോറൽ കോവ് എന്നീ ഫ്ളാറ്റുകളുടെ പരിസരത്തുളളവരുടെ യോഗമാണ് ഇന്നലെ നടന്നത്.

ഫ്ലാറ്റ് പൊളിക്കാൻ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽകുമാർ സിംഗ് യോഗത്തിൽ പങ്കെടുത്തില്ല. എം.സ്വരാജ് എം.എൽ.എ,​ നഗരസഭാസെക്രട്ടറി എം.ആരീഫ് മുഹമ്മദ്ഖാൻ, നഗരസഭ ചെയർപേഴ്സൺ ടി.എച്ച്.നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ,​ മുൻസിപ്പൽ എൻജിനീയർ സുഭാഷ്,​ ഡിവിഷൻ കൗൺസിലർ പി.ജെ ജോൺസർ തുടങ്ങിയവർ പങ്കെടുത്തു.

മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന് രാവിലെ 11ന് ചേരും. ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികൾക്ക് കൈമാറണമെന്ന പ്രത്യേക അജണ്ടയായോടെയാണ് യോഗം.

പരിസരവാസികൾ പങ്കുവച്ച മറ്റ് ആശങ്കകൾ

 പൊളിക്കൽ സമയത്ത് ആറുമണിക്കൂർ നേരം പരിസരവാസികളെ ഒഴിപ്പിക്കുന്നത് എവിടേയ്ക്കാണ്?

പൊടിപടലങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമോ?

 രോഗികളെ എങ്ങിനെ, എവിടേക്ക് മാറ്റും?

പെട്ടെന്ന് ഉണ്ടായില്ലെങ്കിലും വരും വർഷങ്ങളിൽ വീടുകൾക്ക് കേട് സംഭവിക്കുമോ?