കൊച്ചി: അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വിജയ സാധ്യത കൂടിയതായി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ നേരിടുന്നത്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരുകളായിരുന്നു ഇതു വരെ ഇന്ത്യ ഭരിച്ചിരുന്നത്. റോഡ് നന്നാക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷം മോദി സർക്കാർ നടപ്പാക്കിയ വികസനം മറ്റൊരു സർക്കാരുകളുമായും താരതമ്യം ചെയ്യാൻ കഴിയില്ല. കഴിഞ്ഞ തവണ പ്രധാനമന്ത്രി കേരളത്തിൽ നിന്നുണ്ടാകുമെന്നായിരുന്നു പ്രചാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവിയായി. ഈ പ്രചാരണം ഇത്തവണയില്ല. അതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയ സാധ്യത വർദ്ധിച്ചെന്നും തുഷാർ പറഞ്ഞു.
എൻ.ഡി.എ ജില്ലാ ചെയർമാൻ വി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ നേതാക്കളായ ബി. ഗോപാലകൃഷ്ണൻ,എൻ.പി.ശങ്കരൻകുട്ടി,എം.എൻ മധു, ഗോപകുമാർ, കുരുവിള മാത്യുസ്, ഉണ്ണിത്താൻ, സംഗീത വിശ്വനാഥൻ, സജി തുരുത്തിക്കുന്നേൽ, അഹമ്മദ് തോട്ടത്തിൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, കെ.വി.സാബു, കെ.എസ്. ഷൈജു, എ.ബി. ജയപ്രകാശ്, പി.ഡി. ശ്യാംദാസ് തുടങ്ങിയവർ പ്രസംഗിച്ചു.