കൊച്ചി: മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി സംസ്‌ഥാന സർക്കാർ എന്തു ചെയ്തുവെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. എറണാകുളം മണ്ഡലം എൻ.ഡി.എ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് ശബരിമലയിൽ നടന്നത് നാളെ മലയാറ്റൂർ പള്ളിയിലാകാം.ശബരിമലയിലേത് മത സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ആരാധനാ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണ്. അതിന്റെ ലംഘനമാണിത്. ആചാര സംരക്ഷണത്തിനായി നടന്ന ചരിത്ര പ്രക്ഷോഭമായിരുന്നു ശബരിമല സമരം. ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി തെറിവിലിറങ്ങിയവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. കോൺഗ്രസ് ഇതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എൻ.ഡി.എ പ്രവർത്തകർ മാത്രമാണ് പ്രക്ഷോഭത്തിലുണ്ടായിരുന്നത്. രമേശ് ചെന്നിത്തല അലക്കി തേച്ച ഷർട്ടുമിട്ട് നിലയ്ക്കൽ പോയി ബഹളമുണ്ടാക്കി എന്നതിനപ്പുറം ഒന്നും ചെയ്തില്ല. എന്നാൽ കെ. സുരേന്ദ്രന്റെ ഇരുമുടികെട്ട് പോലും പൊലീസ് പിടിച്ചു വാങ്ങി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.അയ്യപ്പ ഭക്തരെ വലിച്ചിഴച്ചു കൊണ്ട് പോയവരാണ് വിശ്വാസ സംരക്ഷകർ എന്നവകാശപ്പെട്ട് വോട്ട് ചോദിയ്ക്കാൻ ഇറങ്ങുന്നത്. സീനിയർ ജഡ്ജിമാർ അടക്കം പരിശോധിച്ച് കൊണ്ടിരിക്കുന്ന വിഷയത്തിൽ നിയമനിർമാണം നടത്തുന്നത് ശരിയല്ല. വിധിക്ക് ശേഷം ശരി തെറ്റുകൾ ചർച്ച ചെയ്ത്‌ കേന്ദ്ര സർക്കാർ തീരുമാനം എടുക്കും. ഭക്തരുടെ താത്പര്യം സംരക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. ഇത് എൻ.ഡി.എയുടെ ഉറച്ച നിലപാടാണെന്നും കുമ്മനം പറഞ്ഞു.