കൊച്ചി: തിരക്കിട്ട ഭവന സന്ദർശനങ്ങൾക്കും തിരഞ്ഞെടുപ്പ് പര്യടനത്തിനുമൊപ്പം സുഹൃത്തുക്കളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാനും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദ് ഇന്നലെ സമയം കണ്ടെത്തി. രാവിലെ 7.30 ന് കതൃക്കടവിൽ നിര്യാതനായ പത്രോസ് കളരിക്കലിന്റെ വീട് സന്ദർശിച്ച സ്ഥാനാർത്ഥി നേരെ കൊച്ചിൻ കപ്പൽശാലയിലെത്തി. ഐ.എൻ.ടി.യു.സി യൂണിയന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിന് ശേഷം തേവര മണ്ഡലത്തിലെ സ്ഥാപനങ്ങളിലും ഭവനങ്ങളിലും സന്ദർശനം നടത്തി. സേവാസദൻ ഹോസ്റ്റൽ സന്ദർശിച്ചു.
തുടർന്ന് കോന്തുരുത്തി വാട്ടർ ടാങ്ക് റോഡ് ,എറണാകുളംസൗത്ത്, കോയിത്തറ, ആനാന്തുരുത്ത് ഭാഗങ്ങളിലും ഗൃഹസന്ദർശനം നടത്തി. സെന്റ് ആൽബർട്ട്സ് കോളേജിലെ മുൻകാല കെ.എസ്.യു പ്രവർത്തകരുടെ കൂട്ടായ്മയായ 'ജ്വാല' നല്കിയ സ്വീകരണം ഏറ്റുവാങ്ങി. സെന്റ് ആർബർട്ട് കോളേജിന് സമീപം രാജീവ് ഗാന്ധി മണ്ഡപത്തിന് മുന്നിലായിരുന്നു പരിപാടി. സെന്റ് ആൽബർട്ട്സിലെ മുൻ കെ.എസ്.യു. പ്രവർത്തകൻ കൂടിയായ മുൻ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ സ്ഥാർത്ഥിയെ ഷാൾ അണിയിച്ചു. മുൻ എം.പി.ചാൾസ് ഡയസ്, മുൻ മേയർ ടോണി ചമ്മിണി, കെ.പി.സി.സി. സെക്രട്ടറി ജെയ്‌സൺ ജോസഫ്, പി.എൻ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.