കൊച്ചി: എറണാകുളം സൗത്ത് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും തട്ടിയെടുക്കാൻ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശികളായ പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയിൽ യഹിയ (43), കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പിൽ ഷഹീർ മുഹമ്മദ്(42), ഹൗസ് നമ്പർ VII/78 ൽ ഷമീർ എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
എറണാകുളം സൗത്ത് ജംഗ്ഷനിൽ ചിറ്റൂർ റോഡിൽ ജോലിസംബന്ധമായ നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. ബഹളം കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികൾ സ്ഥലത്തുനിന്നും കടന്നു. തുടർന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം അസി.കമ്മിഷണർ കെ.ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ കെ.പി. ടോംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.