കൊച്ചി: ഒറീസ സ്വദേശിയായ യുവാവിനെ എറണാകുളം വിവേകാനന്ദ റോഡിൽ വച്ച് ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ആലപ്പുഴ ചേർത്തല അരൂക്കുറ്റി വടുതല ജെട്ടി പോസ്റ്റ് ജിത്തു പറമ്പത്ത് മനേഷ് (23), പൂണിത്തുറ മരട് അയിനി അമ്പലത്തിനു സമീപം കച്ചേരിപ്പറമ്പിൽ പ്രവീൺ കുമാർ (27), പനങ്ങാട് എം.എൽ.എ റോഡ് കാമോത്ത് സ്കൂളിനു സമീപം പുനേത്തറത്തിട്ട സനിത് എന്ന ജിത്തു (27), പനങ്ങാട് ചാത്തമ്മ പനമ്പുകാട് സ്മിതേഷ് എന്ന കുട്ടാച്ചി (28) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ഒറീസ സ്വദേശിയായ യുവാവിനെ വിവേകാനന്ദ റോഡിൽ വച്ചാണ് പ്രതികൾ ആക്രമിച്ചത്. യുവാവിന്റെ മൊബൈൽഫോണും രണ്ടായിരത്തോളം രൂപയും പ്രതികൾ പിടിച്ചുപറിച്ചു. തടയാൻ ശ്രമിച്ച യുവാവിനെ പ്രതികൾ നാലുപേരും ചേർന്ന് മർദ്ദിക്കുകയും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഭയന്ന യുവാവ് പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സെൻട്രൽ ഇൻസ്‌പെക്ടർ കെ.പി. ടോംസൺ എസ്. ഐ ജിൻസൺ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.