ഇടപ്പള്ളി: മഴയിൽ നഗരത്തിലെ പ്രധാന കവലകളെല്ലാം വെള്ളത്തിൽ മുങ്ങിത്താഴുന്നു. ഇടപ്പള്ളി-കലൂർ
റോഡിലുടനീളം വെള്ളക്കെട്ടായതിനാൽ മണിക്കൂറുകളോളം ഗതാഗതത്തെ വലച്ചു.

ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ പരിസരം, ഇടപ്പള്ളി പോസ്റ്റോഫീസ് കവല, ഇടപ്പള്ളി ജംഗ്ഷൻ, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് വെള്ളത്തിൽ മുങ്ങി. കാൽനട പോലും അസാദ്ധ്യമായി. പാലാരിവട്ടം മുതൽ വാഹനങ്ങൾ കുടുങ്ങി. ഒറ്റമഴയ്ക്ക് പോലും ഇതാണ് അവസ്ഥ. തുലാമഴയായതിനാൽ വൈകിട്ടും രാത്രിയും മാത്രം വെള്ളം കെട്ടിയത് രക്ഷയായി.

#വെള്ളകെട്ടിന് കാരണം മോടിപിടിപ്പിക്കൽ

ദേശീയ പാതകൾ സംഗമിക്കുന്ന ഇടപ്പള്ളി ജംഗ്ഷനിൽ മിനുട്ടുകൾകൊണ്ടാണ് വലിയ ഗതാഗതക്കുരുക്കുകൾ രൂപപ്പെട്ടത്.മോടിപിടിപ്പിക്കലിന്റെ ഭാഗമായി പലയിടത്തും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് വെള്ളം കെട്ടിക്കിടക്കാൻ പ്രധാനകാരണം. വെള്ളം ഒഴുകി പോകാൻ ഏറെ സമയം എടുക്കുന്നു. ടൈൽ വിരിച്ചു നടപ്പാതകൾ ഭംഗിയാക്കിയ സ്ഥലങ്ങളിൽ മിക്കവാറും എല്ലായിടത്തും ഇതാണ് അവസ്ഥ.

#പ്രശ്നങ്ങൾ നിരവധി

●റോഡിൽ നിന്ന് വെള്ളം കാനകളിലേക്കു ഒഴുകി പോകാത്തതും കാനകളിലെ ഒഴുക്കിനെ ബാധിക്കുന്ന തടസങ്ങളും പ്രശ്നമാണ്.

●ഇടപ്പള്ളിയിൽ ഇതിനകം പലതവണ കാന കുത്തിപൊളിച്ചെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല
●നടപ്പാതയുടെ അടിഭാഗത്തുള്ള കാനകളിൽ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറഞ്ഞതായി സംശയമുണ്ട്.

● സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ കൈയേറ്റം

● ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ പ്രദേശത്തെ നടപ്പാതയിലെ കൈയേറ്റവും കാനകൾ വൃത്തിയാക്കാത്തതും.

● ഇടപ്പള്ളി രാഘവൻപിള്ള റോഡിൽ ദേവൻകുളങ്ങരയിൽ ഒരു ഭാഗം മുഴുവൻ വഴിയോര കച്ചവടക്കാർ കൈയടക്കി

#പാർക്കിനടുത്തെ റോഡ് നവീകരണത്തിന് പദ്ധതി

ചാറ്റമഴയിൽ പോലും വെള്ളം കെട്ടുന്ന ചങ്ങമ്പുഴ പാർക്കിന് അരികിലെ ചങ്ങമ്പുഴ സമാധി റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ്. സാങ്കേതിക അനുമതി ലഭിക്കണം.

65 ലക്ഷം രൂപ ചെലവ്

നൂറു മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് കട്ടകൾ നിരത്തി റോഡ് പുനരുദ്ധരിക്കും.

പാർക്കിന് പിന്നലെ ദേവൻകുളങ്ങര ജംഗ്ഷനിൽ ഡിവൈഡറും സ്ഥാപിക്കും.