ramesh-chennithala-2

കൊച്ചി: മാർക്കുദാന വിവാദത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മന്ത്രി കെ.ടി .ജലീലിനെ മാറ്റിനിറുത്തി ജുഡിഷ്യൽ അന്വേഷണത്തിന് തയ്യാറാണോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രം പങ്കെടുത്ത് പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം. ഇത് പച്ചക്കള്ളമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.ജി സർവകലാശാലയിൽ നടന്ന അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമല്ല മണിക്കൂറുകളോളം അദ്ദേഹം അദാലത്തിൽ പങ്കെടുത്തതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അദാലത്തിന്റെ മിനിട്സിൽ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് വന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നാണ് മന്ത്രിയുടെ ന്യായം. അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ടത് കാണിച്ചുതരാമോയെന്നും ചോദിക്കുന്നു. ഒപ്പിട്ട രജിസ്‌റ്റർ നോക്കിയാണ് ഉദ്യോഗസ്ഥർ മിനിട്സ് എഴുതുന്നത്. വഴിയെ പോകുന്നവരുടെ പേര് അതിൽ എഴുതില്ല. അദാലത്തിലെ അംഗങ്ങൾ എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനുതാഴെ വൈസ് ചാൻസലർ ഒപ്പിടുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്.

മാർക്ക് കുംഭകോണത്തിൽ നിന്ന് രക്ഷപ്പെടാൻ കള്ളത്തിന് മുകളിൽ കള്ളം അടുക്കിവച്ച് സർക്കസ് കളിക്കുകയാണ് മന്ത്രി. മാർക്കുദാനത്തിൽ ജലീൽ പറഞ്ഞ മറുപടികൾ മുഴുവൻ കളവാണെന്ന് തെളിഞ്ഞു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്കുദാനം നടത്തിയതെന്ന ചോദ്യത്തിന് മന്ത്രിയും വി.സിയും ഇതുവരെ മറുപടി തന്നിട്ടില്ല. 2012 ൽ കോഴിക്കോട് സർവകലാശാലയിൽ ബി.ടെകിന് 20 മാർക്ക് മോഡറേഷൻ കൊടുത്തുവെന്നാണ് മന്ത്രിയുടെ മറ്റൊരു ന്യായം. ഇതും ഇപ്പോഴത്തെ മാർക്കുദാനവുമായി ഒരു താരതമ്യവുമില്ല. 2004 ലെ സ്കീമിലെ അടിസ്ഥാനപരമായ തകരാറ് പരിഹരിക്കാനാണ് അന്ന്‌ മോഡറേഷൻ വേണ്ടിവന്നത്. അത് എല്ലാ കുട്ടികൾക്കും നൽകി.

അദാലത്തിൽ തീരുമാനമെടുത്തത് വീഴ്ചയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സിൻഡിക്കേറ്റ് അംഗം പി.കെ. ഹരികുമാർ സമ്മതിച്ചിരുന്നു. മന്ത്രി ഇതുവരെ പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കുന്നതാണിത്. കേരള സാങ്കേതിക സർവകലാശാലയിലും ആരോഗ്യ സർവകലാശാലയിലും മാർക്ക് കുംഭകോണമുണ്ട്. ലക്കും ലഗാനുമില്ലാതെ മാർക്ക് ദാനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്വം മന്ത്രിക്കാണ്. പരീക്ഷാ കലണ്ടറുകൾ വരെ മന്ത്രി വെട്ടിത്തിരുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.