കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോടികളുടെ ക്രമക്കേടുകൾക്കും അഴിമതികൾക്കുമതിരായ പരാതികളിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ ഭാരവാഹികൾ ശ്രമിക്കുകയാണെന്ന് ക്ളീൻ ക്രിക്കറ്റ് മൂവ്മെന്റ് ആരോപിച്ചു. ഓംബുഡ്‌സ്‌മാന്റെ കാലാവധി അവസാനിപ്പിച്ചതും ഓഫീസ് പൂട്ടിയതും അഴിമതികൾ മറച്ചുവയ്ക്കാനാണ്. ഇതിനെതിരെ നിയമനടപടികൾ തുടരുമെന്ന് മൂവ്മെന്റ് പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.സി.എയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഓംബുഡ്‌സ്‌മാനായിരുന്ന ജസ്റ്റിസ് രാംകുമാറിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുമ്പോഴാണ് ജസ്റ്റിസ് രാംകുമാറിനെ നീക്കാൻ 11 ന് ചേർന്ന പൊതുയോഗത്തിൽ ആരോപണ വിധേയർ ഉൾപ്പെടെ തീരുമാനിച്ചത്. കലൂർ സ്റ്റേഡിയത്തിലെ ഓംബുഡ്സ്‌മാന്റെ ഓഫീസ് അറ്റകുറ്റപ്പണിയെന്ന പേരിൽ പൂട്ടാൻശ്രമിച്ചു.

മുൻ പ്രസിഡന്റ് ടി.സി. മാത്യുവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും അഴിമതി ഇല്ലാതായിട്ടില്ല. ക്രമക്കേട് നടത്തിയ തുക മാത്യുവിൽ നിന്ന് ഈടാക്കാൻ ക്രിമിനിൽ നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. 2013 മുതൽ 2018 വരെ രണ്ടരക്കോടിയോളം രൂപയോളം തിരിമറി നടത്തിയതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് മൂവ്മെന്റ് പ്രവർത്തകർ പറഞ്ഞു. കെ.സി.എയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിനെന്ന പേരിൽ കരാറുകളും രേഖകളുമില്ലാതെ സ്വകാര്യ സ്ഥാപനത്തിന് ലക്ഷങ്ങൾ കൈമാറി.

സ്വകാര്യകാർ വയനാട്ടിൽ അപക‌ടത്തിൽപ്പെട്ടപ്പോൾ അറ്റകുറ്റപ്പണിക്ക് ചെലവായ 1,88,950 രൂപ കെ.സി.എയുടെ ഒൗദ്യോഗികവാഹനം അപകടത്തിലായെന്ന് രേഖയുണ്ടാക്കി നൽകി.

അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ നടത്താൻ 2017 ൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറിയ കാലത്തും സ്റ്റേഡിയം പരിപാലനത്തിന് പണം ചെലവഴിച്ചതായി കാണിച്ച് ക്രമക്കേട് നടത്തി. സമ്മാനങ്ങളുടെ പേരിൽ തുക എഴുതിയെടുത്ത് വിലകൂടിയ മൊബൈൽഫോണുകൾ ഭാരവാഹികളിൽ ചിലർ വാങ്ങി. പിച്ച് നിർമ്മാണത്തിന് കളിമണ്ണും അനുബന്ധ വസ്തുക്കളും വാങ്ങിയതിലും ക്രമക്കേട് നടന്നു. പരാതികൾ നൽകിയെങ്കിലും കമ്മിറ്റിയിൽ വയ്ക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത ഇ‌ടക്കൊച്ചി സ്റ്റേഡിയത്തിന്റെ പേരിലും വൗച്ചറുകളും രസീതികളുമില്ലാതെ പണം ചെലവഴിച്ചു.

സുപ്രീംകോടതി ഉത്തരവുപ്രകാരം നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാനോ ഭരണഘടനാപ്രകാരം യോഗ്യതയുള്ള സെലക്ടർമാരെ നിയമിക്കാനോ സി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിക്കാനോ തയ്യാറായിട്ടില്ല.

ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനും കണക്കുകൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കാനും ഭാരവാഹികൾ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. കെ.സി.എ അംഗവും തൃശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന അഡ്വ. പ്രമോദ്, മുൻ രഞ്ജി താരങ്ങളായ ഇട്ടി ചെറിയാൻ, സന്തോഷ് കരുണാകരൻ, കെ.സി.എ മുൻ വൈസ് പ്രസിഡന്റ് റോങ്ക്‌ളിൻ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.