madhu
മധു മാധവ്....

മൂവാറ്റുപുഴ: പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിന് മധു മാധവ് റുമാനിയയിലേക്ക് . ഛത്തീസ്ഗഡിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനീധികരിച്ച് മത്സരിച്ച് ചാമ്പ്യനായ വാഴക്കുളം കാവന ഇടകുടിയിൽ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും, റൈറ്റ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി .ഇരട്ട നേട്ടത്തോടെ ഒക്ടോബർ 26 മുതൽ നവംബർനാല് വരെ റൊമേനിയയിലെ കോൺസ്റ്റൻന്റായിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു ലക്ഷം രൂപയോളം ചെലവ് വരും. യാത്രതിരിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴുംസ്‌പോൺസർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂവാറ്റുപുഴ റെയ്ഞ്ചിലെ പിരളിമറ്റം ഷാപ്പിലെ ചെത്ത് തൊഴിലാളിയായ മധു മാധവ് ഇത്രയും തുക സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയിലാണ്. 25ന് വൈകിട്ട് 7.30ന് നെടുമ്പാശേരി എയർപോട്ടിൽ നിന്നാണ് പുറപ്പെടുന്നത്. നവംബർ അഞ്ചിന് രാവിലെ 9ന് നെടുമ്പാശേരിയിൽ തിരികെയെത്തുന്ന രീതിയിലാണ് യാത്ര . നിരവധി തവണ ലോകപഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ കിട്ടിയിട്ടുള്ള മധു മാധവ് സാമ്പത്തീക പരാധീനതകളെ തുടർന്ന് മത്സരത്തിൽ നിന്നും ഒഴിവാകുകയായിരുന്നു. 1991 ൽ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ജേതാവായാണ് തുടക്കം.വാഴക്കുളം പൈനാപ്പിൾ സിറ്റി ജിംനേഷ്യത്തിലാണ് പരിശീലനം. ഭാര്യ ബിജി, മൂത്തമകൻ അഭിജിത്ത് മധു കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇളയമകൻ അനുജിത്ത് മധു കഴിഞ്ഞ വർഷവും ഈവർഷവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.സാമ്പത്തിബുദ്ധി​മുട്ടനുഭവിക്കുന്ന ഗുസ്തി കുടുംബത്തെ സഹായിക്കുവാൻ സ്‌പോൺസർമാർ എത്തുമെന്ന പ്രതീക്ഷയിലാണ് കാവന നിവാസികൾ: ഫോൺ 9946510941