കോലഞ്ചേരി :റോഡുകൾ കുരുതിക്കളമാക്കി ബസുകളുടെ മരണപ്പാച്ചിൽ. ഗതാഗത നിയമം പാടെ ലംഘിച്ചാണ് ചില ബസുകൾ പരക്കം പായുന്നത്.
യാത്രക്കാർക്ക് ജീവൻ പണയപ്പെടുത്തി മാത്രമെ റോഡിൽ ഇറങ്ങാനാകൂ എന്നാണു സ്ഥിതി.നഗരത്തിൽ ബസുകളുടെ വേഗ പരിധി മണിക്കൂറിൽ 35 കിലോമീറ്ററാണ്. എന്നാൽ സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും ഈ പരിധി പാലിക്കാറില്ല.
കോലഞ്ചേരി മേഖലയിൽ ബസുകളുടെ എണ്ണംവർദ്ധിച്ചതിനെതുടർന്ന് റണ്ണിങ് ടൈം കുറഞ്ഞതാണ് പ്രശ്നമെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. .വാഹനക്കുരുക്ക് കാരണം പലപ്പോഴും നിശ്ചിത സമയത്ത് ഓടിയെത്താനാകുന്നില്ല. അപകടമുണ്ടായാൽ ഉത്തരവാദിത്വം മുഴുവൻ ബസുകൾക്കാണെന്ന് അവർ പറയുന്നു.
സ്റ്റോപ്പുകളിൽ ആവശ്യത്തിലധികം സമയം ചെലവിട്ട് യാത്രക്കാരെ കയറ്റിയശേഷം റോഡിൽ ചീറിപ്പായും. ലൈറ്റിട്ടും ഹോൺ മുഴക്കിയും ഇരുചക്ര, ചെറുവാഹന ഡ്രൈവർമാരെ ഭയപ്പെടുത്തി ബസ് ഓടിക്കുന്ന ഡ്രൈവർമാരുമുണ്ട്. ക്‌ളീനർമാർ ബസിന്റെ ഡോറിനടിച്ചു ശബ്ദമുണ്ടാക്കും. എത്ര വാഹനക്കുരുക്കുള്ള റോഡിലായാലും ബസുകൾ കടന്നു പോകും. ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് ബസുകൾ ഇടത് വശത്തേക്ക് നീങ്ങുന്നതും പതിവാണ്. അപകടമുണ്ടായാൽചെറുവാഹനത്തിലുള്ളവരോട് ആക്രോശിച്ച് ബസ് ജീവനക്കാർ കടന്നു കളയുന്നതാണ് രീതി . മിക്ക ബസുകളിലും കുട്ടി ഡ്രൈവർമാരാണുള്ളതെന്നുംലാഘവത്തോടെയാണ് ഇവരുടെ ഡ്രൈവിംഗെന്നും സ്ഥിരം യാത്രക്കാരിയായ പട്ടിമറ്റം സ്വദേശി ജലജ മുരളി പറഞ്ഞു.
മത്സരയോട്ടത്തിനിടെ ചില ബസുകൾ സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന പരാതിയുമുണ്ട്. വാതിലുകൾ അടച്ച് സർവീസ് നടത്തണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ബസുകളിലും ഇത് പാലിക്കാറില്ല.
സിറ്റികളിലും, ഗ്രാമീണ മേഖലയിലും ബസിന്റെ മുൻ ഡോർ തുറന്നു വച്ച് കെട്ടിയിട്ട് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡു ചെയ്യുമെന്നും അധികൃതർ അറിയിച്ചു
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന അവസ്ഥയാണ് ബസുകൾക്ക്. തകർന്ന റോഡുകളും ഗതാഗതക്കുരുക്കും പ്രശ്‌നം സങ്കീർണമാക്കുന്നു. ഗതാഗത നിയമം പാലിക്കുന്നത് സംബന്ധിച്ച് ബസ് ഡ്രൈവർമാർക്ക് നിർദേശം നൽകാറുണ്ട്. ചില ബസ് ഡ്രൈവമാർമാരുടെ അമിത വേഗം പേര് ദോഷം വരുത്തുന്നുമുണ്ട്.
ജി.വിനോദ് കുമാർ , വൈസ് പ്രസിഡണ്ട് , ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം
ബസ്സുകളുടെ അമിത വേഗം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വാഹന പരിശോധന കർശനമാക്കും.നിയമലംഘനം കണ്ടെത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും.
ബസ് സ്റ്റാൻഡുകളിൽ പരിശോധനയുണ്ടാകും.രാത്രി കാലത്ത് ഉൾപ്പെടെ പരിശോധനയ്ക്കു കൂടുതൽ സ്‌ക്വാഡുകളെ നിയോഗിക്കും.
കെ. മനോജ് കുമാർ ആർ.ടി.ഒ എറണാകുളം
അമിത വേഗത്തിനൊപ്പം മത്സരയോട്ടവും.
സ്റ്റോപ്പുകളിൽ നിർത്തില്ല
മുൻ ഡോർ തുറന്നു വച്ച് കെട്ടിയിട്ട് സർവീസ്