കൊച്ചി : നഗരസഭയും ജില്ലാ ഭരണകൂടവും കിണഞ്ഞുശ്രമിച്ചിട്ടും തിരിച്ചെടുക്കാൻ കഴിയാത്ത പേരണ്ടൂർ കനാലിന്റെ രക്ഷയ്ക്ക് ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇനിയെങ്കിലും നീരൊഴുക്കുമായി കനാൽ നേരെചൊവ്വെയാകുമെന്ന പ്രതീക്ഷയിലാണ് നൂറുകണക്കിന് ജനങ്ങൾ.

#ഇച്ഛാശക്തി വേണമെന്ന് കോടതി

തേവര-പേരണ്ടൂർ കനാൽ പൂർവ സ്ഥിതിയിലാക്കാൻ ഭരണപരമായ ഇച്ഛാശക്തി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കനാൽ പൂർവസ്ഥിതിയിലാക്കാൻ എന്തു നടപടികൾ സ്വീകരിക്കാനാവുമെന്ന് ഇന്നു തന്നെ സർക്കാരും കൊച്ചി നഗരസഭയും അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

#ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

പേരണ്ടൂർ കനാലിലെ മാലിന്യം നീക്കി നീരൊഴുക്ക് പുന:സ്ഥാപിക്കാൻ സ്ഥിരം പദ്ധതി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ, ബി. വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഹർജി ഇന്ന് ഉച്ചക്ക് വീണ്ടും പരിഗണിക്കും.

ഒരു കാലത്ത് ശുദ്ധജലം ഒഴുകിയിരുന്നതാണ് പത്തു കിലോമീറ്റർ ദൈർഘ്യമുള്ള തേവര-പേരണ്ടൂർ കനാൽ. നഗരത്തിലൂടെയാണ് കടന്നു പോകുന്ന കനാൽ മാലിന്യങ്ങളും കുളവാഴയും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച നിലയിലായിലാണ്. മഴക്കാലത്ത് വെള്ളക്കെട്ടിന് ഇതു കാരണമാകുന്നുണ്ട്. കനാൽ പൂർവസ്ഥിതിയിലാക്കാൻ കളക്ടറും നഗരസഭയും ചേർന്ന് പദ്ധതി നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

#കൈയേറ്റം തടയണം

ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് പേരണ്ടൂർ കനാലിപ്പോൾ സ്വീവേജ് കനാലായി മാറിയെന്ന് വാക്കാൽ പറഞ്ഞു. ഈ നില തുടർന്നാൽ കൊച്ചി നേരിടുന്ന വലിയ പ്രശ്നമായി മാറും. പേരണ്ടൂർ കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും ഇതിന്റെ കര കൈയേറുന്നതും തടയണം. കനാൽ പൂർവസ്ഥിതിയിലാക്കാനും നടപടി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

#പൈപ്പുകൾ തടസമെന്ന് നഗരസഭ

പേരണ്ടൂർ കനാലിലൂടെ പൈപ്പ് ലൈനുകൾ കടന്നു പോകുന്നതിനാൽ ഇതു ശുചിയാക്കാൻ യന്ത്രങ്ങളുടെ സഹായം തേടാനാവില്ലെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കി. കനാലിന്റെ ശുചീകരണ ചുമതല കൊച്ചി കോർപ്പറേഷനാണെന്നും ആവശ്യമായ സഹായങ്ങൾ നൽകാനേ കഴിയൂ എന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. കോർപ്പറേഷൻ ഇതു ചെയ്തില്ലെങ്കിൽ കനാൽ ശുചീകരിക്കാൻ സർക്കാരിനു ബാദ്ധ്യതയുണ്ടെന്നും ശുചീകരണത്തിന് ഉന്നതതല ഇടപെടൽ വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.