അങ്കമാലി: നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും ചേർന്നൊരുക്കിയ ജൈവ പോഷകാഹാര മേളയും പ്രദർശനവും സമാപിച്ചു. അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ 101 അംഗൻവാടികളിലെ വർക്കർമാരും ഹെൽപ്പർമാരും ചേർന്ന് കറുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് രണ്ട് ദിവസത്തെ പോഷകാഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചത്.
കപ്പലണ്ടി ചമ്മന്തി മുതൽ ചെമ്പരത്തിപ്പൂ തോരൻ വരെയുളള 101 ഇനം വിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്. പ്ലാവില,മത്തയില, കുമ്പളങ്ങയില തുടങ്ങി അമ്പതോളം ഇനം ഇലകൾ കൊണ്ടുള്ള പലഹാരങ്ങളും മേളയിൽ ശ്രദ്ധേയമായി. ശിശുവികസന പദ്ധതി പ്രോജക്ട് ഓഫീസർ എൻ. ദേവി, പ്രോജക്ട് സൂപ്പർവൈസർമാരായ ഡിന്ന ഡേവിസ്, കെ.ഇ. നസീമ, ടി.എ. മനീഷ, ചൈൽഡ് കൗൺസിലർ ആശ എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നോയൽ പി. എൽദോ, ആൽവിൻ സെബാസ്റ്റ്യൻ എന്നിവർ വിജയികളായി.
അംഗൻവാടി വർക്കർമാർക്കുളള ക്വിസ് മത്സരത്തിൽ മൂക്കന്നൂർ പഞ്ചായത്തിലെ എം.എസ് റീന, അയ്യമ്പുഴ പഞ്ചായത്തിലെ എ.പി. യമുന എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ഹെൽപ്പർമാരുടെ ക്വിസ് മത്സരത്തിൽ മൂക്കന്നൂർ പഞ്ചായത്തിലെ ഡാലി ഡേവിസ് ഒന്നും കറുകുറ്റി പഞ്ചായത്തിലെ എ.സി. സാറാക്കുട്ടി രണ്ടാം സ്ഥാനവും നേടി. റോജി. എം ജോൺ എം.എൽ.എ, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി തെക്കേക്കര, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു സാനി, അരുൺകുമാർ കെ.കെ, ജോമോൻ ജോർജ്, മോളി വിൻസെന്റ്, കുഞ്ഞമ്മ ജേക്കബ് എന്നിവർ മേളയിലെത്തി.