# നവീകരണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്
# നാളെ ടൂറിസം അഡീഷണൽ ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം
ആലുവ: രണ്ടുകോടി രൂപ കൈമാറിയിട്ടും രണ്ട് വർഷത്തോളം നവീകരണ പ്രവർത്തനം വൈകിപ്പിച്ച പൊതുമരാമത്ത് വകുപ്പിൽനിന്ന് ആലുവ പാലസ് മന്ദിരം ടൂറിസം വകുപ്പ് തിരിച്ചെടുത്ത് ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിക്ക് കൈമാറി.
നവീകരണത്തിന് മുന്നോടിയായി ടൂറിസം വകുപ്പ് അധികൃതരുടെയും ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതരുടെയും സംയുക്തയോഗം 19ന് ആലുവ പാലസിൽ ചേരും. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എന്ന് നിർമ്മാണം തുടങ്ങുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമാകും.
# മന്ദിരനവീകരണത്തിന്
രണ്ടുകോടി
ടൂറിസം വകുപ്പിന്റെ ഉമസ്ഥതയിലുള്ള ആലുവ പാലസിൽ അനക്സ് മന്ദിരം തുറന്നതിന് പിന്നാലെയാണ് നിലവിലുണ്ടായിരുന്ന മന്ദിരം നവീകരിക്കുന്നതിന് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത്. നിർമ്മാണച്ചുമതല ഏറ്റെടുത്ത പൊതുമരാമത്ത് വകുപ്പിന് 2018 ജനുവരിയിൽ പണവും കൈമാറി. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി നവീകരണം നീണ്ടു. ഇതിനിടയിൽ 2018ലെ മഹാപ്രളയവും ലോക്‌സഭ തിരഞ്ഞെടുപ്പുമെല്ലാം നവീകരണം അനിശ്ചിതത്വത്തിലാക്കി. ഒടുവിൽ പൊതുമരാമത്ത് വകുപ്പ് അധികാരികളുമായി ചർച്ച നടത്തി നിർമ്മാണ ചുമതല റദ്ദാക്കുകയായിരുന്നു.
# പഴമ നിലനിർത്തി നവീകരിക്കും
മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ച പാലസിന്റെ പഴമ നിലനിർത്തി നവീകരിക്കുന്ന പദ്ധതിയാണ് കുമാർ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഭിത്തിയിലും നിലത്തും പുതിയ ടൈൽ വിരിച്ച് മനോഹരമാക്കും. ബാത്ത് റൂമുകളെല്ലാം അധുനിക സൗകര്യങ്ങളോടെ നവീകരിക്കും. 75 ലക്ഷം രൂപയാണ് ഇലക്ട്രിക്കൽ ജോലിക്കായി നീക്കി വെച്ചിട്ടുള്ളത്. കൂടാതെ ലിഫ്റ്റ് സൗകര്യവും ഒരുക്കണം. രണ്ടുവർഷം പഴക്കമുള്ള എസ്റ്റിമേറ്റ് ആയതിനാൽ ഇത് പുതുക്കണമെന്ന് ഊരാളുങ്കൽ സാെസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാപ്രളയത്തിൽ ഏറെ നാശം വിതച്ച ആലുവ പാലസിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് മൂന്ന് മാസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി 25 ദിവസം കാെണ്ട് പൂർത്തിയാക്കി. കരാർ നടപ്പാക്കുന്നതിലെ ജാഗ്രത പരിഗണിച്ചാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നവീകരണം കൈമാറിയത്.
# ആലുവ പാലസ് സിനിമ ചിത്രീകരണത്തിന്
ആലുവ: വർഷങ്ങൾക്ക് ശേഷം ആലുവ പാലസ് സിനിമ ചിത്രീകരണത്തിന് വിട്ടുനൽകി ഉത്തരവായി. മമ്മൂട്ടി നായകനാകുന്ന 'വൺ' എന്ന ചിത്രത്തിന്റെ ചീത്രീകരണമാണ് പാലസിൽ നടക്കുക. ചിത്രീകരണത്തിനായി ആലുവ പാലസിലെ പഴകിയ കെട്ടിടത്തിന്റെ മുൻഭാഗമെല്ലാം ഇന്നലെ പെയിന്റിംഗ് ആരംഭിച്ചു. ഒരു മാസത്തേക്കാണ് പാലസ് സിനിമ ചിത്രീകരണത്തിന് വിട്ടുനൽകുന്നത്. അടുത്ത ദിവസം ചിത്രീകരണം ആരംഭിച്ചേക്കും.
11 വർഷം മുമ്പ് ബ്ളെസി സംവിധാനം ചെയ്ത് ദിലീപ് നായകനായ 'കൽക്കത്ത ന്യൂസ്' ആണ് ഇവിടെ ചിത്രീകരിച്ച അവസാനചിത്രം. രേഖാമൂലമുള്ള അനുമതിയില്ലാത്തതിനാൽ സിനിമാ ചിത്രീകരണം വിവാദമായതോടെ പാലസ് മാനേജർ ഉൾപ്പെടെയുള്ളവർ സസ്പെൻഷനിലായി. മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദ്ദേശമാണ് അന്നത്തെ പാലസ് മാനേജർ ബാബുവിന് കുരുക്കായത്. പിന്നീട് ഇതുവരെ ആലുവ പാലസ് സിനിമ ചിത്രീകരണം ഉൾപ്പെടെ ഒന്നിനും വിട്ടുനൽകിയിട്ടില്ല.