കോലഞ്ചേരി : വണ്ടിയുണ്ടോ 'വാഹൻ 'നോക്കാൻ മറക്കല്ലെ. മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്രീകൃത സോഫ്‌റ്റ്‌വെയറായ 'വാഹൻ' ലേയ്ക്ക് ഘട്ടം ഘട്ടമായി മാ​റ്റുകയാണ്. ഉടമകൾ തങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

• വാഹന വിവരങ്ങൾ parivahan.gov.in ലും mparivahan മൊബൈൽ ആപ്പിലും ഡിജിലോക്കറിലും ലഭ്യമാണ്. ഉടമകൾ ഇവ പരിശോധിച്ച് തെ​റ്റുകൾ കണ്ടെത്തിയാലോ, വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായില്ലെങ്കിലോ ബന്ധപ്പെട്ട ആർ.ടി.ഒ/ ജോയിന്റ് ആർ.ടി.ഒ യെ രേഖാമൂലം അറിയിക്കണം.

• സേവനങ്ങൾ പുതിയ സോഫ്‌റ്റ്‌വെയറിൽ മാത്രമേ ഇനി ലഭിക്കൂ.

• അപേക്ഷ, ഫീസ്, നികുതി എന്നിവ ഓൺലൈനായി അടയ്ക്കുന്നതിന് നെ​റ്റ് ബാങ്കിംഗ്, കാർഡ് പേയ്‌മെന്റ്, മൊബൈൽ പേയ്‌മെന്റ് (എൻ.പി.ഐ) സൗകര്യങ്ങളും വാഹനിൽ ലഭ്യമാണ്.

• ഉടമയുടെ മൊബൈൽ ഫോൺ നമ്പർ സോഫ്റ്റ് വെയറിൽ അപ്‌ഡേ​റ്റ് ചെയ്യണം. മ​റ്റാരുടെയും നമ്പർ ഉപയോഗിക്കരുത്.

• നികുതി, നികുതി കാലയളവ് , ഇൻഷ്വറൻസ് സംബന്ധിച്ച വിവരങ്ങളിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കണം.

• നാല് അക്കങ്ങളിൽ കുറവുള്ള വാഹനനമ്പറുകളിൽ പൂജ്യം ചേർത്താണ് വിവരം നൽകേണ്ടത്. (ഉദാ: KL-01-A-50 എന്നത് KL01A0050 എന്ന് ഉപയോഗിക്കണം.)

• പുതിയ സോഫ്റ്റ് വെയർ സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം mvd.kerala.gov.in ൽ ലഭ്യമാണ്.

ഇനി പരിശോധനക്കിടെ വണ്ടി നിർത്താതെ മുങ്ങാമെന്ന് രാജ്യത്ത് എവിടെ പോയാലും കരുതരുത് . പണി പാഴ്സലായി വീട്ടിൽ വരും.