pinarayi


കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെ നെതർലാൻഡ്സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതർലാൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടർ പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു തുടക്കംകുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. ഡച്ച് വാസ്തുവിദ്യയിൽ നവീകരിച്ച കൊട്ടാരത്തിലേക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മേയർ സൗമിനി ജെയിനും ഇവരെ സ്വീകരിച്ചു.
കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികൾ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയിൽ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. ഇന്ത്യയും നെതർലാൻഡ്സും ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ കൊട്ടാരത്തിലെ ഛായാചിത്ര ഹാളിൽ നടന്ന സെമിനാറിൽ ഇവർ പങ്കെടുത്തു.
നൂറ്റാണ്ടുകൾക്കു മുമ്പ് ഡച്ചുകാർ തയ്യാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദർശനം കൊട്ടാരത്തിൽ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. വ്യാപാരബന്ധങ്ങളുടെ ഭാഗമായി കൈവശമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കേരള ആർക്കൈവ്സ് ഡയറക്ടർ ജെ. രജികുമാർ, നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി.ജി.മറെൻസ് ഏഞ്ചല്‍ഹാഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ രാജദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നു നൽകി. ഇന്നു രാവിലെ രാജാവും രാജ്ഞിയും ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്ര നടത്തും. വൈകിട്ട് കൊച്ചിയിൽ നിന്ന് ആംസ്‌റ്റർഡാമിലേക്ക് പോകും.