വൈപ്പിൻ: കടലിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുമ്പോൾ കോസ്റ്റൽ പൊലീസ് അനാസ്ഥ കാട്ടുന്നതായി പരാതി. നാനൂറിലേറെ ബോട്ടുകൾ മുനമ്പത്തുനിന്ന് മാത്രം മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഈ ബോട്ടുകളുടെ സുരക്ഷയ്ക്കായി അഴീക്കോട് കോസ്റ്റൽ പൊലീസുണ്ട്. അപകടങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ ഇവർക്ക് ബോട്ടുകളുമുണ്ട്. എന്നാൽ കഴിഞ്ഞദിവസം മുനമ്പത്തുനിന്ന് കടലിലേക്കു പോയ മുനമ്പം സ്വദേശികളുടെ സെന്റ് മലാക്കി എന്ന ബോട്ടിന് തീപിടിക്കുകയും സ്രാങ്ക് വലിയവീട്ടിൽ അലക്‌സിന് (ആന്റണി) ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തപ്പോൾ കോസ്റ്റൽ പൊലീസ് സഹായത്തിനെത്തിയില്ലെന്നാണ് മുനമ്പത്തെ ബോട്ടുടമകളുടെ ആക്ഷേപം. മുനമ്പത്തുകാരുടെ തന്നെ മറ്റൊരു ബോട്ടിൽ നാലു മണിക്കൂറിനു ശേഷമാണ് പരിക്കേറ്റയാളെ കരയിലെത്തിക്കാൻ കഴിഞ്ഞത്. അപകടമുണ്ടാകുമ്പോൾ ഒഴിവുകഴിവ് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് കോസ്റ്റൽ പൊലീസ് പതിവാക്കിയിരിക്കുകയാണെന്നാണ് ബോട്ടുടമകളുടെ ആക്ഷേപം.