പറവൂർ : ബി.ഡി.ജെ.എസ് നേതാവായിരുന്ന എം.സി. വേണുവിന്റെ കുടുംബത്തിന് പുനർജനി പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുന്നു. വേണു മൂന്നുവർഷം മുമ്പാണ് മരിച്ചത്. സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും കടബാദ്ധ്യതയെ തുടർന്ന് വിൽക്കേണ്ടി വന്നു. വേണുവിന്റെ മരണശേഷം ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാന മാർഗ്ഗം ഉണ്ടായിരുന്നില്ല. ഈ കുടുംബത്തെ സഹായിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കെടാമംഗലത്തുള്ള യൂണിയന്റെ കീഴിലുള്ള എസ്.എൻ. കോളേജിൽ വേണുവിന്റെ ഭാര്യ സുധയ്ക്ക് ജോലി നൽകി. എസ്.എൻ.ഡി.പിയുടെ സഹായത്തോടെ പിന്നീട് പാല്യത്തുരുത്തിൽ മൂന്നു സെന്റ് ഭൂമി വാങ്ങി.

വാടകയ്ക്ക് താമസിക്കുന്ന സുധയ്ക്കും കുടുംബത്തിനും വീടുനിർമ്മിച്ചു നൽകുന്നതിനുള്ള ശ്രമം നടത്തിയത് പാല്യത്തുരുത്തിലെ കോൺഗ്രസ് പ്രവർത്തകരാണ്. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ കൊച്ചിൻ സെൻട്രൽ റോട്ടറി ക്ളബിന്റെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇന്ന് രാവിലെ 9.30ന് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിടും. റോട്ടറി ഹൗസിംഗ് പ്രോജക്ട് ചെയർമാൻ ബിജു ജോൺ പങ്കെടുക്കും.