ആലുവ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. കൊച്ചി താമരപറമ്പ് പള്ളിപ്പറമ്പിൽവീട്ടിൽ ആഘോഷ് ജോബ് (26) ആണ് അറസ്റ്റിലായത്.
300 മില്ലിഗ്രാം എം.ഡി.എം.എയും ഒന്നേകാൽ കിലോ കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
കുമ്പളങ്ങി പഴങ്ങാട് പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിപണനം നടത്തിയിരുന്നത്. ടോണി എന്ന അപരനാമത്തിൽ ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കും. മനോഹരമായി വസ്ത്രം ധരിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കച്ചവടം. ഓൺലൈൻ വഴി പണം മുൻകൂർ കൊടുത്താൽ മാത്രമേ മയക്കുമരുന്നുകൾ നൽകുകയുള്ളു. ആഡംബരജീവിതം നയിക്കാനും വേഗത്തിൽ സമ്പന്നനാകാനുള്ള മാർഗമായാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെകർ ബി.എൽ. ഷിബു, പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ്, സിജി പോൾ, സി.ഇ.ഒമാരായ എം.എം. അരുൺകുമാർ, പി.എക്‌സ്. റൂബൻ, എൻ. സിദ്ധാർത്ഥകുമാർ, രാകേഷ്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.