കൊച്ചി: നഗരസഭ തുരുത്തി കോളനിയിൽ ഭവന രഹിതർക്കായി പാർപ്പിട സമുച്ചയം പണിയുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി അന്വേഷിക്കാൻ സ്‌റ്റേറ്റ് പെർഫോമൻസ് ഓഡിറ്റിംഗ് സംഘം ഇന്ന് കൊച്ചിയിലെത്തും.
രണ്ടാം ഡിവിഷനിൽ തുരുത്തി കോളനിയിൽ 198 ഭവന രഹിതരുടെ വീടെന്നുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിനായിട്ടാണ് രാജീവ് ആവാസ് യോജന പദ്ധതിയിൽ ഫ്ളാറ്റ് ഭവന സമുച്ചയ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2017 ഫെബ്രുവരിയിൽ ആരംഭിച്ച് 2019 ഫെബ്രുവരിയിൽ പണി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം.18 കോടി 59 ലക്ഷം രൂപയ്ക്ക് സിറ്റ്കോ അസോസിയേറ്റ്സ് എന്ന കമ്പനിക്ക് കരാർ നൽകി. കരാർ കാലാവധി കഴിഞ്ഞപ്പോൾ ഗ്രൗണ്ട് ഫ്ളോറിന്റെ തട്ടും ഒന്നാം നിലയുടെ ഭാഗിക പ്രവർത്തനവും മാത്രം പൂർത്തിയാക്കിയത്. കരാറുകാരന് പണി തൃപ്തികരമായ രീതിയിൽ പൂർത്തികരിച്ചാൽ മാത്രം തിരികെ നൽകേണ്ട സെക്യൂരിട്ടി തുകയായ 91 ലക്ഷം രൂപ കൗൺസിലിന്റെ അംഗികാരമില്ലാതെ മേയർ മൂൻകുറായി നൽകിയതാണ് വിവാദമായത്. നിയമവിരുദ്ധമായി സെക്യൂരിട്ടി ഡിപ്പോസിറ്റ് തുക തിരികെ നൽകിയ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാർ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ പരാതിയെത്തുടർന്നാണ് സംസ്ഥാന പെർഫോമൻസ് ഓഡിറ്റിംഗ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി നഗരസഭയിലെത്തുന്നത്.