കൊച്ചി: ഏത് സംഘടന വിളിക്കുന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കും തയ്യാറാണെന്ന് നിർമ്മാതാവ് ജോബി ജോർജ് വ്യക്തമാക്കിയതോടെ അദ്ദേഹവും നടൻ ഷെയിൻ നിഗമും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചലച്ചിത്ര സംഘടനകൾ ശ്രമം തുടങ്ങി. തിങ്കളാഴ്ച കൊച്ചിയിൽ ഇരുകൂട്ടരെയും വിളിച്ച് അമ്മയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. അഭിനയിക്കാൻ കരാർ ഒപ്പിട്ടശേഷം ഷെയിൻ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് ജോബി ജോർജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഷെയിൻ നിഗം അമ്മയ്‌ക്ക് പരാതി നൽകിയത്. ഷെയിനെ അനുകൂലിച്ച് വിവിധ സിനിമാ പ്രവർത്തകരും രംഗത്തെത്തി.
നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞത്
നടൻ ഷെയ്‌ൻ നിഗമിനെതിരെ വധഭീഷണി മുഴക്കിയിട്ടില്ല. ‘വെയിൽ’ സിനിമയിൽ പ്രതിഫലം വാങ്ങിയശേഷം അഭിനയിക്കാതിരുന്നതിനെ ചോദ്യം ചെയ്‌തു. 30 ലക്ഷം രൂപയാണ് ഷെയ്‌ൻ പ്രതിഫലമായി ആവശ്യപ്പെട്ടത്. ചിത്രീകരണം ആരംഭിച്ചതോടെ 40 ലക്ഷമായി ഉയർത്തി. 30 ലക്ഷം മുൻകൂറായി നൽകി. ഷൂട്ടിംഗിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു പിന്നാലെ ഷെയ്‌ൻ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. രണ്ടാമത്തെ ചിത്രത്തിൽ അഭിനയിച്ചശേഷം പഴയ രൂപത്തിൽത്തന്നെ വെയിലിൽ അഭിനയിക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌നിനോട് ആവശ്യപ്പെട്ടു. എന്നാൽ മുടി മുറിച്ച് രൂപമാറ്റം വരുത്തിയ ഷെയ്‌ൻ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി തിരികെ എത്തിയില്ല. തുടർന്ന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കരുതെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ഫോണിൽ വിളിച്ച് അറിയിച്ചു. ഇത് വധഭീഷണിയായി ചിത്രീകരിക്കുകയാണുണ്ടായത്. 10 ദിവസംകൂടി സഹകരിച്ചാൽ സിനിമ പൂർത്തിയാക്കാം. നവംബർ 16ന് റിലീസ് ചെയ്യാനാണ് ലക്ഷ്യം
പിന്തുണച്ചവർക്ക് നന്ദി
വിഷമഘട്ടത്തിൽ എന്റെ തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം മാത്രം. ഈ വിഷയത്തിൽ പല താര ആരാധകരുടെയും ആവശ്യമില്ലാത്ത പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലും ദയവ് ചെയ്‌ത് എന്നെ കരുവാക്കരുത്.
ഫേസ്ബുക്കിൽ ഷെയിൻ നിഗം