കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രഭാത നടത്തത്തിനും വ്യായാമത്തിനുമായി എത്തിയവരുടെയടുത്തേക്ക് രാവിലെ 6.30 ന് തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദ് വോട്ടു ചോദിച്ചു. അവിടെ നിന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക്. കുർബ്ബാനക്കെത്തിയവരെ കണ്ട് പിന്തുണ തേടി. തുടർന്ന് പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. സ്ഥാനാർത്ഥിയും പ്രവർത്തകരും കടവന്ത്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സന്ദർശിച്ചു. തേവര മണ്ഡലത്തിലെ പര്യടനം രാവിലെ 8.30 ന് തേവര അറ്റ്ലാന്റിസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. പ്രവർത്തകർ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണം നൽകി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത വാഹന പര്യടനത്തിനിടെ കാത്ത് നിന്ന വിദ്യാർത്ഥികളെ കണ്ട സ്ഥാനാർത്ഥി വാഹനം നിറുത്തി അവരോടൊപ്പം മധുരം പങ്കിട്ടു.
കോന്തുരുത്തി സൂര്യനഗർ നിവാസികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തൃക്കണവട്ടം മണ്ഡലത്തിൽ കോമ്പാറ ജംഗ്ഷൻ ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൽ ഗൃഹന്ദർശനം നടത്തി. തുടർന്ന് തൃക്കണാർവട്ടം മണ്ഡലം രണ്ടാം ഘട്ട പര്യടനം വെൽക്കം റോഡ് കവലയിൽ നിന്നാരംഭിച്ചു. ടി.ജെ.വിനോദിന് വേണ്ടി പൊതു സമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു.