കൊച്ചി : തീര പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ച കേസിൽ ആൽഫ വെഞ്ച്വേഴ്സ് ഡയറക്ടർ പോൾ രാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒക്ടോബർ 22 നു വിധി പറയാൻ മാറ്റി. നേരത്തെ കോടതി നിർദ്ദേശിച്ചതനുസരിച്ച് ഇന്നലെ കേസ് ഡയറി ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ ഇന്നലെ പൂർത്തിയായി. മരടിൽ നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ആൽഫ സെറീൻ അപ്പാർട്ട്മെന്റിലെ താമസക്കാരിയായിരുന്ന സൂസൻ തോമസ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോൾ രാജിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.