കൊച്ചി : കൃഷിയും ജല മാനേജ്മെന്റും ഉൾപ്പടെ ഒമ്പതു സുപ്രധാന മേഖലകളിൽ നെതർലാൻഡ്സും കേരളവും തമ്മിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡച്ച് - കേരള ബന്ധത്തിൽ 2019 നിർണായകമാകും. ശക്തവും സുദീർഘവുമായ ബന്ധം സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നെതർലാൻഡ്സ് രാജാവ് അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവർക്ക് വില്ലിംഗ്ടൺ ഐലൻഡിലെ ടാജ് മലബാർ ഹോട്ടലിൽ മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിക്കും ജല മാനേജ്മെന്റിനും പുറമെ തുറമുഖങ്ങളും ചരക്കുനീക്കവും, ഉൾനാടൻ ജലഗതാഗതം, ആരോഗ്യപരിചരണം, ശാസ്ത്ര സാങ്കേതികവിദ്യ, ഗ്രാമീണവികസനം, കപ്പൽഗതാഗതം, പുനരുപയോഗിക്കാവുന്ന ഉൗർജ്ജം എന്നീ മേഖലകളിൽ കേരളവും നെതർലാൻഡും കൂടുതൽ സഹകരിക്കും. സാംസ്കാരിക വിനിമയവും വർദ്ധിപ്പിക്കും. പരസ്പരം അറിയാനും ബന്ധം വർദ്ധിപ്പിക്കാനും നടപടികളുണ്ടാകും.

കേരളവും ഡച്ചും തമ്മിൽ ബന്ധം വർദ്ധിപ്പിക്കുന്നത് പരസ്പരം ഗുണകരമാകും. കേരളത്തിൽ ഡച്ച് നിക്ഷേപം സ്വീകരിക്കാനും മലയാളികൾക്ക് നെതർലാൻഡ്സിൽ നിക്ഷേപം നടത്താനും സർക്കാരിന് വലിയ താത്പര്യമുണ്ട്. ഡച്ച് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ടീമുമായി സഹകരിച്ച് കേരളത്തിൽ ദുരന്തനിവാരണ പദ്ധതി നടപ്പാക്കുക, വയനാട്ടിലെ അമ്പലവയലിൽ ഇന്തോ ഡച്ച് കർമ്മപദ്ധതിയുടെ ഭാഗമായി പഴം പച്ചക്കറി എന്നിവയുടെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുക, ഡീഫൈബറിംഗ് നിർമ്മാണ യൂണിറ്റ് ഡച്ച് പ്ളാന്റേയിൽ കമ്പനിയുമായി ചേർന്ന് നടപ്പാക്കുക എന്നീ പദ്ധതികളിൽ സർക്കാരിന് താത്പര്യമുണ്ട്.

കഴിഞ്ഞ മേയിൽ നെതർലാൻഡ്സ് സന്ദർശിച്ചപ്പോൾ താൻ ചർച്ചകൾ നടത്തിയിരുന്നു. നിരവധി നൂറ്റാണ്ടുകളായി നെതർലാൻഡ്സും കേരളവുമായി അടുത്ത ബന്ധമുണ്ട്. ഡച്ച് വ്യാപാരികൾ പതിനേഴാം നൂറ്റാണ്ടിൽ കപ്പൽമാർഗം കേരളത്തിലെത്തിയിരുന്നു. കോഴിക്കോട് സാമൂതിരിയുമായി വ്യാപാരയിടപാടുകൾ ആരംഭിച്ചിരുന്നത് മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരളീയ ഡച്ച് കലാരൂപങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു.