#നെട്ടൂർ പൊതുമരാമത്ത് റോഡിൽ 22 മുതൽ ഗതാഗത നിയന്ത്രണം
നെട്ടൂർ: മരട് നഗരസഭയുടേയും കുമ്പളംപഞ്ചായത്തിന്റേയും അതിർത്തിയിലുളള അണ്ടിപ്പിള്ളിപ്പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ 22ന് ആരംഭിക്കുമെന്ന് എം.സ്വരാജ് എം.എൽ.എ.പറഞ്ഞു. രണ്ട്മാസംകൊണ്ട് പണികൾ പൂർത്തിയാക്കും. അതുവരെ നെട്ടൂർ പൊതുമരാമത്ത് റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.നെട്ടൂർപൊതുമാരാമത്ത് റോഡിലെ അണ്ടിപ്പിള്ളിപ്പാലം ജീർണാവസ്ഥയിലായിട്ട് നാളുകളായി. നിയന്ത്രണം വിട്ടകാർ ഇടിച്ച് കൈവരിപൂർണമായും തകർന്നതോടെയാണ് പാലം അപകടത്തിലായത്. 50വർഷത്തിലേറെ പഴക്കമുള്ള പാലം പൂർണമായും പൊളിച്ചുമാറ്റും.ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം ചെലവിലാണ് പാലം പണിയുന്നതെന്ന് എം. സ്വരാജ് എം.എൽ.എ പറഞ്ഞു. പാലം നിർമ്മാണം സംബന്ധിച്ചവിവരം വിശദീകരിക്കാൻ വിളിച്ചുചേർത്തയോഗത്തിലാണ് എം,എൽ.എ ഈ കാര്യം അറിയിച്ചത്. നഗരസഭാദ്ധ്യക്ഷ ടി.എച്ച്. നദീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണി, കൗൺസിലർമാരായ ദിവ്യഅനിൽകുമാർ, ബിനുജോസഫ് ,പഞ്ചായത്ത് അംഗം കലാ സുനിൽ, തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ വൈ.നിസാമുദ്ദാൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.