കൊച്ചി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നികുതിവെട്ടിച്ച് സ്വർണം കടത്തിയ കേസിൽ 12 പേരെ കസ്‌റ്റംസ് അറസ്റ്റു ചെയ്‌തു. സ്വർണം കടത്തുന്നതിനിടെ പിടിയിലായവരാണിവർ.
ബുധനാഴ്‌ച തൃശൂരിന്റെ വിവിധയിടങ്ങളിൽ റെയ്‌ഡിൽ പിടിച്ചെടുത്ത 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വർണം തമിഴ്‌നാട്ടിൽ നിന്ന് റോഡ്, റെയിൽ മാർഗങ്ങളിലൂടെ എത്തിച്ചതാണെന്ന് വ്യക്തമായി. കേരളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയാണിത്. സംസ്ഥാനത്തെ വൻകിട സ്വർണക്കച്ചവടക്കാർ, ആഭരണനിർമാതാക്കൾ, ജുവലറികൾ എന്നിവയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. റെയ്‌ഡിൽ കസ്‌റ്റഡിയിലെടുത്ത 17 പേരിൽനിന്നാണ് 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വൻതോതിൽ കേരളത്തിലേക്ക് സ്വർണം ഒഴുകുന്നുവെന്ന വിവരത്തെത്തുടർന്ന് കൊച്ചി കസ്‌റ്റംസ് കമ്മിഷണറുടെ നേതൃത്വത്തിൽ റെയ്‌ഡിനായി മൂന്നുമാസം മുമ്പാണ് പദ്ധതി തയ്യാറാക്കിയത്. രണ്ട് ജോയിന്റ് കമ്മിഷണർമാരും എട്ട് ഡെപ്യൂട്ടി കമ്മിഷണർമാരും 138 കസ്‌റ്റംസ് ഉദ്യോഗസ്ഥരും ജി.എസ്.ടി ഇന്റലിജൻസിലെ നാല് ഉയർന്ന ഉദ്യോഗസ്ഥരുമുൾപ്പെടെ 177 പേരടങ്ങുന്ന സംഘമാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.
രണ്ട് സംഘങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് ബസിലും ഒരുസംഘം ട്രെയിനിലുമാണ് സ്വർണം കടത്തിയിരുന്നത്. 15 പേരുൾപ്പെട്ട രണ്ട് സംഘങ്ങളിൽ നിന്നായാണ് ആദ്യം 21 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. രണ്ട് വാഹനങ്ങളും പിടികൂടി. ഇതിനുപുറമേ കള്ളക്കടത്ത് സ്വർണം ഒളിപ്പിച്ച 23 കേന്ദ്രങ്ങളെക്കുറിച്ചും വിവരം ലഭിച്ചിരുന്നു. ഇവിടങ്ങളിൽ പരിശോധനയ്ക്കായി 23 സംഘങ്ങൾ രൂപീകരിച്ചു. വീടുകളിലും ആഭരണ നിർമാണശാലകളിലും സ്വകാര്യസ്ഥാപനങ്ങളിലുമായി സൂക്ഷിച്ച 102 കിലോ സ്വർണം കൂടി കണ്ടെടുത്തു. സ്വർണത്തിനു പുറമേ രണ്ടുകോടി രൂപ, 1900 അമേരിക്കൻ ഡോളർ എന്നിവയും കണ്ടെടുത്തു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള സ്വർണക്കടത്തിന്റെ ഹബ്ബായി തമിഴ്‌നാട് മാറിയെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതിൽ കേരളത്തിലെ ആസ്ഥാനം തൃശൂരാണെന്ന് നേരത്തേ കസ്‌റ്റംസിന് വിവരം ലഭിച്ചിരുന്നു. കോയമ്പത്തൂരിൽനിന്ന് ബസിലും ട്രെയിനിലും മൂന്നുമണിക്കൂർ കൊണ്ട് തൃശൂരിലെത്താം. തൃശൂരിലെ ആഭരണ നിർമാണശാലകളിൽനിന്ന് ആഭരണങ്ങളായും നാണയങ്ങളായും രൂപമാറ്റം വരുത്തിയും ബിസ്‌കറ്റുകളായും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കടത്തും. അഞ്ചുമുതൽ പത്തുവരെ ആളുകളുൾപ്പെട്ട സംഘമാണ് കടത്തുന്നത്. ഒരാളുടെ പക്കൽ ബാഗിലും ജാക്കറ്റിലും ഒളിപ്പിച്ച ഒരു കിലോയിലധികം സ്വർണമുണ്ടാകും. ആഴ്‌ചയിൽ രണ്ടുതവണ തമിഴ്‌നാട്ടിൽ പോയി സ്വർണവുമായി മടങ്ങുകയാണ് യുവാക്കളായ കാരിയർമാരുടെ രീതി. 3000 രൂപയും യാത്രാച്ചെലവുമാണ് ഓഫർ.