malu

കിഴക്കമ്പലം: മാളുപ്പശുവിന്റെ പാൽ മധുരത്തിന് ഒരു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. കറവ വറ്റാത്ത, പാലിന്റെ ഉറവയാണവൾ. ആ കീർത്തി കിഴക്കമ്പലത്തിന്റെ കാമധേനു പട്ടവും മാളുവിന് ചാർത്തിക്കൊടുത്തു.

'മാളുവിന്റെ പാൽക്കഥ' പരന്നതോടെ പഴന്തോട്ടം മൂണേലിമുകൾ മാലായിൽ നടുപ്പറമ്പിൽ വീട്ടിലേക്ക് കൗതുകാന്വേഷികളുടെ ഒഴുക്കായി. രാജമ്മയുടെ കുടുംബത്തിന്റെ ഐശ്വര്യവും അന്നദാതാവുമാണ് മാളു. ഒരു തവണ മാത്രമാണ് മാളു പ്രസവിച്ചിട്ടുള്ളത്. 2009ൽ. അന്ന് മുതൽ നിറുത്താതെ പാൽ ചുരത്തുകയാണ്. പ്രസവത്തിൽ കിട്ടിയ കിടാവിനെ നാലു വർഷത്തിനുശേഷം വി​റ്റു.

രാജമ്മയും മകൻ ചന്ദ്രനും മരുമകൾ സേതുലക്ഷ്‌മിയും ചെറുമക്കളായ രഞ്ജിതും അജിയും ചേർന്ന് കുടുംബാംഗത്തെ പോലെയാണ് 14 വയസുള്ള മാളുവിനെ പോറ്റുന്നത്.

മാളു സ്‌പെഷ്യൽ

മൂന്നു നേരം പച്ചപ്പുല്ല്, കഞ്ഞി, കാടി, കാലിത്തീ​റ്റ എന്നിവയാണ് ഭക്ഷണം. രണ്ടുനേരം കുളിപ്പിക്കും. മുമ്പ് എട്ട് ലി​റ്റർ പാൽ വരെ ലഭിച്ചിരുന്നു. പച്ചപ്പുല്ല് കിട്ടാതായതോടെ പാൽ കുറഞ്ഞു. ഇപ്പോൾ രാവിലെ മൂന്നും ഉച്ചയ്ക്ക് രണ്ടും ലി​റ്റർ പാൽ കറക്കും. സൊസൈ​റ്റിയിലാണ് പാൽ വിൽക്കുന്നത്.

സാധാരണ പശുക്കൾ

പ്രസവം കഴിഞ്ഞാൽ മൂന്നു മാസത്തിനകം കുത്തിവയ്‌പിക്കും

 ഗർഭാവസ്ഥയിൽ ഏഴ് മാസമാണ് കറവ

 പ്രസവശേഷം 10 മുതൽ 12 മാസം വരെ കറവ കിട്ടും.

'മദിലക്ഷണം കാണാത്തതും കുത്തിവയ്പ് എടുക്കാത്തതും പ്രോലാക്ടിൻ ഹോർമോണിന്റെ അളവ് കൂടുതലായി നിലനിൽക്കുന്നതുമാകാം പാലുത്പാദനം തുടരാൻ കാരണം".

-ഡോ. വർഗീസ്, സീനിയർ വെ​റ്ററിനറി സർജൻ, കിഴക്കമ്പലം