# പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും

മൂവാറ്റുപുഴ: മേഖലയിൽ പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കി. മഴ ശക്തമായതോടെയാണ് വീണ്ടും വൈറൽ ഫീവർ പടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ പനി ബാധിച്ച്ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ മാത്രം അറുപതോളം പേർ എത്തിയിരുന്നു.

# പായിപ്രയിൽ ഡെങ്കി പിടിമുറുക്കി

പായിപ്ര പഞ്ചായത്തിൽ ഡെങ്കി വ്യാപകമായതായാണ് സൂചന. ഇവിടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേരും സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ല. പനി പിടിച്ച് ജനറൽ ആശുപത്രിയിൽ എത്തുന്നവരുടെ രക്തമെടുത്ത് പരിശോധിച്ചുവരികയാണ്. ഇതിന്റെ ഫലമെത്തിയാലേ ഡെങ്കിബാധിതരുടെ കൃത്യമായ കണക്ക് അറിയാൻ കഴിയുകയുള്ളു.

# കൊതുക് നശീകരണത്തിന് നടപടിയില്ല

ഡെങ്കിപ്പനി പടർത്തുന്ന കൊതുക് നശീകരണത്തിന് നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. പായിപ്ര പഞ്ചാത്തിലെ വിവിധ പ്രദേശങ്ങൾ കൊതുകുവളർത്തൽ കേന്ദ്രമായി മാറിക്കഴിഞ്ഞു. കൊതുകു നശീകരണത്തിനുള്ള ഫോഗിംഗ് മെഷീനുകൾ പഞ്ചായത്ത് ഓഫീസിൽ വിശ്രമത്തിലാണ്. നാല് മെെഷീനുകൾ പായിപ്ര പഞ്ചായത്തിന് സ്വന്തമായിട്ടുണ്ട്. പഞ്ചായത്തിൽ ആരോഗ്യവിഭാഗം നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നില്ലെന്നാണ് പരാതി.