കൊച്ചി: 24 മണിക്കൂർ മൃഗഡോക്ടുടെ സേവനം. സഞ്ചരിക്കുന്ന മൃഗാശുപത്രി... ആതുരശുശ്രൂഷയിൽ പുതിയ പാഠങ്ങൾ പകരുകയാണ് ജില്ലാ മൃഗാശുപത്രി.
എറണാകുളം ഡർബാർ ഹാളിന് തൊട്ടരികിൽ ക്ളബ് റോഡ് ഫയർ സ്റ്റേഷന് ചേർന്നാണ് ജില്ലാ മൃഗാശുപത്രി.
മരുന്നും ഡോക്ടറുമായി ക്യാമ്പുകൾ
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ജില്ലയിലെ ഉൾപ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തുകയാണ് ജില്ലാ മൃഗാശുപത്രിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി. അത്യാവശ്യം വന്നാൽ വീട്ടുമുറ്റത്തെത്തുമെന്ന് അധികൃതരുടെ ഉറപ്പ്.
വയറിളക്കം, പനി, മുറിവുകൾ എന്നിവയ്ക്കുള്ള മരുന്നുകളുമായി ജില്ലാ ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയിലുള്ളത്.
ജില്ലയിലെ അയ്യമ്പുഴ പ്ളാന്റേഷൻ, വലമ്പൂർ, തേടിക്കാട്ട് തുരുത്ത് എന്നീ പ്രദേശങ്ങളിലാണ് ഇപ്പോൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പശു, ആട്, എരുമ തുടങ്ങിയ്ക്കായി ഈ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതരുടെ അപേക്ഷ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അപേക്ഷ നൽകിയാൽ എവിടെയും ക്യാമ്പുകൾ ഒരുക്കാനും സാധിക്കും.
നിലവിലെ ക്യാമ്പുകൾ
• ചൊവ്വ -വലമ്പൂർ
• വ്യാഴം - അയ്യമ്പുഴ
• വെള്ളി - തേടിക്കാട്ട് തുരുത്ത്
ക്യാമ്പുകൾക്കോ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെയോ സേവനത്തിനായി വിളിക്കേണ്ട നമ്പർ : 9995511742
24 മണിക്കൂർ സേവനം
ജില്ലാമൃഗാശുപത്രി 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. രാത്രിയിൽ ഒരു ഡോക്ടറും പകൽ മൂന്ന് ഡോക്ടർമാരുമുണ്ടാകും. ദിനംപ്രതി ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നുണ്ട്. സിസേറിയനുകളാണ് ഇതിൽപ്രധാനം. മൂത്രത്തിൽ കല്ല്, ക്യാൻസർ തുടങ്ങി മനുഷ്യർക്ക് വരുന്ന മിക്ക രോഗങ്ങളും അരുമ മൃഗങ്ങൾക്കുമുണ്ട്. ഇതിനെല്ലാം ഇവിടെ ശസ്ത്രക്രിയകളും ചികിത്സയും നൽകും. പൂച്ചകൾക്കും പട്ടികൾക്കും വന്ധീകരണ ശസ്ത്രക്രിയകളും.