കിഴക്കമ്പലം: കിഴക്കമ്പലം ബൈപ്പാസ് റോഡിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. റോഡിൽ നിങ്ങളെ കാത്തിരിക്കുന്നത് ചതിക്കുളങ്ങളാണ്. തകർന്നുകിടക്കുന്ന റോഡിൽ മഴകൂടി എത്തിയതോടെയാണ് ഈ ദുർഗതി. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് മാസം മുമ്പ് ചെറിയ കുഴിയായി രൂപപ്പെട്ടവ ഇപ്പോൾ വലിയ കുളമായി മാറി.
എറണാകുളം, തൃപ്പുണിത്തുറ ഭാഗങ്ങളിൽ നിന്നെത്തുന്ന സ്വകാര്യബസുകൾ ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി കിഴക്കമ്പലം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ്. സമീപത്തു പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കുഴിയിറങ്ങി നിരങ്ങിനീങ്ങുന്ന വാഹനങ്ങളുടെ അടിഭാഗങ്ങൾ റോഡിൽ മുട്ടുന്നതും പതിവാണ്. പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിലും ഈ കുഴി താണ്ടിയല്ലാതെ എത്താനാകില്ല. പരാതികൾ പറഞ്ഞ് നാട്ടുകാർ മടുത്തു. പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് കുലുക്കമൊന്നുമില്ല.