കൊച്ചി: ഭാരവാഹികൾക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. ക്ലീൻ ക്രിക്കറ്റ് മൂവ്മെന്റെന്ന പേരിൽ വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചവർ അഴിമതിക്കും സംഘടനാ വിരുദ്ധ പ്രവർത്തനത്തിനും പുറത്താക്കപ്പെട്ടവരാണെന്ന് കെ.സി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രസിഡന്റ് ജയേഷ് ജോർജിന്റെ നേതൃത്വത്തിലാണ് കെ.സി.എ ലോധ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കിയതും അഴിമതി നടത്തിയവരെ പുറത്താക്കിയതും. ജയേഷ് ജോർജ് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി പദവിയിൽ എത്തിയത് കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ നേട്ടമാണ്. അതിന്റെ നിറം കെടുത്താനുള്ള ശ്രമമായേ ആരോപണങ്ങളെ കാണുന്നുള്ളു. വാർത്താസമ്മേളനം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു.
ആരോപണങ്ങൾ ഉന്നയിച്ചവരെക്കുറിച്ച് കെ.സി.എ പറയുന്നത്
• അഴിമതിയുടെ പേരിൽ കെ.സി.എയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നയാളാണ് ഇപ്പോൾ ആരോപണമുന്നയിന്ന മുൻ പ്രസിഡന്റ് റോങ്ക്‌ലിൻ ജോൺ.
• അഴിമതി നടത്തിയെന്ന് കോടതി നിർദ്ദേശപ്രകാരം കെ.സി.എ നിയമിച്ച ആർബിട്രേറ്റർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പുറത്താക്കപ്പെട്ടയാളാണ് തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി പ്രമോദ്.
. റോങ്ക്‌ലിൻ ജോൺ കെ.സി.എ ഭാരവാഹിയായിരിക്കെ കോട്ടയം ജില്ലാ സെക്രട്ടറിയുടെ ദിനബത്ത വ്യാജമായി എഴുതി കൊടുത്തതിന് പുറത്താക്കപ്പെട്ട് അന്വേഷണം നേരിടുന്നയാളാണ്.
• സന്തോഷ് കരുണാകരൻ കേരള ക്രിക്കറ്റ് സീനിയർ ടീം ക്യാപ്ടനെതിരെ കഴിഞ്ഞ വർഷം ഒപ്പ് ശേഖരണം നടത്താൻ പ്രേരിപ്പിച്ചതിന് അന്വേഷണം നേരിട്ട് വരികയാണ്.
• ഇട്ടി ചെറിയാൻ സാമ്പത്തിക തിരിമറി നടത്തിയതിന് ബാങ്ക് ജോലിയിൽ നിന്നു പുറത്താക്കപ്പെട്ടതാണ്.