കൊച്ചി : ട്രോൾ വലയിൽ കുടുങ്ങിയ രണ്ട് മീറ്ററോളം വലിപ്പമുള്ള ഭീമൻ സ്രാവ്, മത്സ്യതീറ്റമില്ലുകളിലേക്ക് അയയ്ക്കുന്നതിന് കൂട്ടിയിരിക്കുന്ന ടൺകണക്കിന് വിവിധയിനം മത്സ്യങ്ങൾ, മീൻകൂട്ടങ്ങൾ ചൂണ്ടിക്കാണിച്ച് ഉച്ചത്തിൽ ലേലം വിളിക്കുന്ന തരകൻമാർ... ഇന്ത്യൻ മത്സ്യമേഖലയെ കുറിച്ചറിയാനായെത്തിയ വിദേശസംഘത്തിന് മുനമ്പം തുറമുഖത്തെ പുലർകാല കാഴ്ചകൾ കൗതുകമായി.
ഇന്ത്യയിലെ സമുദ്രമത്സ്യമേഖലയെ കുറിച്ചും മത്സ്യകൃഷിരീതികളെ കുറിച്ചും മനസിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) എത്തിയ വിദേശസംഘമാണ് കടലിൽ നിന്ന് പിടിക്കുന്ന വിവിധ മത്സ്യയിനങ്ങളെയും അവയുടെ വിപണനരീതികളെകുറിച്ചും അറിയാൻ തുറമുഖത്തെത്തിയത്.
ആഫ്രിക്കൻ ഏഷ്യൻ മേഖലകളിൽ നിന്നുള്ള 10 രാജ്യങ്ങളിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് സി.എം.എഫ്.ആർ.ഐ നടത്തുന്ന 15 ദിവസത്തെ രാജ്യാന്തര ശില്പശാലയുടെ ഭാഗമായായിരുന്നു സന്ദർശനം.
കൊഴുവ, മത്തി തുടങ്ങിയ ചെറിയ മീനുകൾ തുടങ്ങി വലിയ മത്സ്യങ്ങളായ വറ്റ, ചൂര, പടുകൂറ്റൻ കാളസ്രാവ് വരെയുള്ള ഇനങ്ങളുടെ എണ്ണത്തിലെ വൈവിദ്ധ്യമാണ് വിദേശസംഘത്തെ വിസ്‌മയിപ്പിച്ചത്. മത്സ്യബന്ധനയാനങ്ങളിൽ നിന്ന് ഉപഭോക്താക്കളിലേയ്ക്ക് മത്സ്യമെത്തുന്ന വിപണനശൃംഖല, ആഭ്യന്തര വിപണിയിലേക്കുള്ള മീനുകൾ, വിദേശവിപണി ലക്ഷ്യമാക്കി കയറ്റുമതിക്ക് പോകുന്നവ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സംഘം അന്വേഷിച്ചറിഞ്ഞത്. കടലിൽ നിന്നുള്ള മത്സ്യലഭ്യതയുടെ കണക്കെടുക്കുന്ന സാംപ്ലിംഗ് രീതിയും മനസിലാക്കി. മത്സ്യബന്ധനരീതികൾ തൊട്ട് പിടിക്കുന്ന മീനുകളുടെ വിവരങ്ങളും അവയുടെ വിപണനരീതികൾ വരെ ഗവേഷക സംഘവും മത്സ്യത്തൊഴിലാളികളും സംഘത്തിന് വിവരിച്ചുകൊടുത്തു.
മത്സ്യബന്ധനരീതികൾ, സമുദ്രമത്സ്യ പരിപാലനം, ഉത്തരവാദിത്വ പൂർണ മത്സ്യബന്ധനം, സമുദ്രപരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, സമുദ്രമത്സ്യ കൃഷി തുടങ്ങിയ മേഖലകളിലാണ് സി.എം.എഫ്.ആർ.ഐ വിദേശപ്രതിനിധികൾക്ക് പരിശീലനം നൽകുന്നത്. വിഴിഞ്ഞം, തമിഴ്‌നാട്ടിലെ മണ്ഡപം എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളും വിദേശസംഘം സന്ദർശിക്കും.
ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ആർഡോ) അംഗരാജ്യങ്ങളായ ലബനോൻ, ജോർദാൻ, മൊറോക്കോ, മലാവി, സാംബിയ, ഒമാൻ, ഇറാഖ്, മലേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവയുടെ പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ആർഡോയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ശില്പശാല.
കാർഷികഗ്രാമ വികസന മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിന് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ സംഘടനയാണ് ആർഡോ. ഡൽഹിയാണ് സംഘടനയുടെ ആസ്ഥാനം.