rotary
കുട്ടികളോടുള്ള ലൈംഗിക ചൂഷണങ്ങൾ തടയാൻ ബോധവത്കരണ ക്ലാസുകളുടെ താലൂക്ക് തല ഉദ്ഘാടനം ജില്ലാ ജഡ്‌ജി ഡോ. കൗസർ എഡപ്പഗത്ത് നിർവഹിക്കുന്നു. ടീന ചെറിയാൻ, സെലീന വി.ജി നായർ, പി.ടി.എ പ്രസിഡന്റ് ആന്റണി സാബു, സ്‌കൂൾ മാനേജർ സിപി കിഷോർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര, ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകല എന്നിവർ സമീപം.

കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ കുട്ടികളെത്തന്നെ പര്യാപ്തരാക്കേണ്ട ബാദ്ധ്യത മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമുണ്ടെന്ന് ജില്ലാ സെഷൻസ് ജഡ്‌ജി ഡോ.കൗസർ എഡപ്പഗത്ത് പറഞ്ഞു. കുട്ടികളുടെ സുരക്ഷ മൗലികാവകാശവും ജീവിത അവകാശവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസുകളുടെ കൊച്ചി താലൂക്ക് തല ഉദ്ഘാടനം എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌ക്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ നിയമ സേവന അതോറിട്ടിയും ജനിക ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സബ് ജഡ്‌ജിയും ജില്ലാ നിയമ സേവന അതോറിട്ടിയുടെ സെക്രട്ടറിയുമായ സെലീന വി.ജി. നായർ ആമി എന്ന ലഘുചിത്രത്തിന്റെ പ്രകാശനവും ഫൗണ്ടേഷൻ വെബ്‌ സൈറ്റിന്റെ ഉദ്ഘാടനവും ചെയ്യ്തു. ഹെഡ്മിസ്ട്രസ് എ.കെ ശ്രീകല അദ്ധ്യക്ഷയായി.