# നഗരസഭ അടക്കേണ്ടത് 11 ലക്ഷം രൂപ
മൂവാറ്റുപുഴ: വെള്ളക്കരം അടയ്ക്കാത്തതിന്റെ പേരിൽ കണക്ഷൻ വിച്ഛേദിച്ച പേട്ട അംഗൻവാടിയിലെ കണക്ഷൻ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ വാട്ടർ അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കണക്ഷൻ പുന:സ്ഥാപിക്കാൻവേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ലോക്കൽ സെക്രട്ടറി സജി ജോർജ്, പി.എം. ഇബ്രാഹിം, സി.എം. സീതി, സെലിൻ ജോർജ്, സിന്ധു ഷൈജു, ഷിജി തങ്കപ്പൻ, അഷിക്ക്, കബീർ, എം.എൻ. രാധാകൃഷ്ണൻ, ഷിഹാബ്, ലാലിജോണി, വി.ജി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
പത്തുവർഷം മുമ്പ് ആരംഭിച്ച അംഗൻവാടിക്ക് നഗരസഭയുടെ അശ്രദ്ധമൂലം 11 ലക്ഷം രൂപയാണ് വാട്ടർ ചാർജ് അടക്കാനുള്ളത്. ബിൽ കൃത്യമായി നഗരസഭ അധികൃതരെ ഏൽപ്പിക്കാറുണ്ടെങ്കിലും നിസാര തുകയായിട്ടും പോലും ഇത് അടക്കാറുണ്ടായിരുന്നില്ല. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് കുടിശിക ലക്ഷങ്ങൾ കവിഞ്ഞപ്പോൾ ജല അതോറിറ്റി നോട്ടിസ് നൽകിയെങ്കിലും ഇതും അവഗണിക്കപ്പെട്ടു. പലവട്ടം കൗൺസിലിൽ വിഷയം ചർച്ചയ്ക്കു വന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതേത്തുടർന്നായിരുന്നു കണക്ഷൻ വിച്ഛേദിച്ചതെന്ന് വാട്ടർ അതോററ്റി പറഞ്ഞു. .