മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരന്തരമായുണ്ടാകുന്ന വെെദ്യുതി മുടക്കത്തിനെതിരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്ന് മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെെദ്യുതിപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് മുൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ ഇഴഞ്ഞുനീങ്ങുന്നതാണ് പ്രശ്നത്തിന്റെ കാരണം. പായിപ്ര സബ് സ്റ്റേഷനിൽനിന്ന് നഗരത്തിലേക്കുള്ള ലെെനിന്റെ കപ്പാസിറ്റി കഴിഞ്ഞതുകൊണ്ട് പുതിയലെെൻ വലിക്കുവാൻ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉപരിതലകേബിൾ ( എബിസി) വലിക്കുവാൻ തീരുമാനിച്ചത്. മൂവാറ്റുപുഴയിലെ എബിസി സിസ്റ്റം വിജയമായതിനാൽ സംസ്ഥാനത്ത് പലയിടത്തും ഇത്തരം കേബിളുകൾ ഉപയോഗിക്കുവാൻ തുടങ്ങിയിരുന്നു. മെെലൂരിൽനിന്ന് ഇപ്പോൾ വലിച്ചുകൊണ്ടിരിക്കുന്ന ലെെൻ ഉപരിതല കേബിളാണ്.
ഇവിടത്തെ വെെദ്യുതി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് മാറാടി 110 കെ വി സബ് സ്റ്റേഷൻ ആരംഭിച്ചത്. 17.5 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിക്ക് പണം അനുവദിച്ചതും തറക്കല്ലിട്ടതും മുൻ സർക്കാരിന്റെ കാലത്താണ്. എന്നാൽ നാല് വർഷം ആയിട്ടും പൂർണതോതിൽ പ്രവർത്തിപ്പിക്കുവാൻ കഴിയാത്തതാണ് വെെദ്യുതി പ്രസിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.