കിഴക്കമ്പലം: ഒമ്പതാം വയസിൽ രണ്ടാം ഗിന്നസ് റെക്കാഡിലേക്ക് കുതിക്കുന്ന ഹസ്ന അണിയുന്നത് പുതിയ സ്കേറ്റിംഗ് ഷൂസ്. കിഴക്കമ്പലം പെരിങ്ങാല ഐ.സി.ടി സ്‌കൂൾ നാലാം ക്ളാസ് വിദ്യാർത്ഥിനിയും പുത്തേത്തുമുഗൾ ഷമീറിന്റെ മകളുമാണ് ഹന ഫാത്തിമ. ഹസ്നയുടെ സ്കേറ്റിംഗ് കഴിവ് തിരിച്ചറിയുന്നത് രണ്ടാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്. പെരിങ്ങാലയിൽ നടന്ന വെക്കേഷൻ ക്ളാസിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.
ഈ വർഷം നടക്കുന്ന ഗിന്നസ് റെക്കാഡിൽ പങ്കെടുക്കാറായപ്പോഴാണ് നിലവാരമില്ലാത്ത സ്കേറ്റിംഗ് ഷൂസ് തന്റെ രണ്ടാം ഗിന്നസ് സ്വപ്നം തകർക്കുമെന്ന് ഹസ്നയും കുടുംബവും ഭയപ്പെട്ടത്. വലിയ വില കൊടുത്ത് അതുവാങ്ങാനുള്ള സാമ്പത്തികഭദ്രത ഹസ്നയുടെ കുടുംബത്തിനുണ്ടായില്ല. എന്നാൽ ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെയും ജനകീയ സംഘടന ലീഫ് കുന്നത്തുനാടിന്റെയും ആഭിമുഖ്യത്തിൽ ഹസ്നയ്ക്ക് ഷൂസ് ലഭ്യമാക്കിയതോടെ കർണാടകയിലെ ബൽഗാമിൽ നടക്കുന്ന ഗിന്നസ് റെക്കാഡ് സെലക്ഷനിൽ ഹസ്നയ്ക്ക് പ്രതീക്ഷയാണ്.
പെരിങ്ങാല ഐ.സി.ടി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ പി.വി ശ്രീനിജൻ ഹസ്‌നക്ക് സ്കേറ്റിംഗ് ഷൂസ് കൈമാറി. ചടങ്ങിൽ ലീഫ് ഫൗണ്ടേഷൻ ചെയർമാൻ നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായിരുന്നു. ഐ.സി.ടി സ്‌കൂൾ പ്രിസിപ്പൽ എം.എസ്. ആംഹാർ, ചെയർമാൻ ഇ.ഐ. കുഞ്ഞുമുഹമ്മദ്, മാനേജർ കെ.എം ഷംസു, ഹെഡ്മാസ്റ്റർ പരീത്, ലീഫ് ഭാരവാഹികളായ കെ.ഇ. അലിയാർ, എം.കെ. വേലായുധൻ, എൻ.എച്ച് അൻസാർ, കെ.എച്ച് ഇബ്റൂ, സഫിയ മുഹമ്മദ്, വത്സ എൽദോ, കോച്ച് ഷീബ, തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ കർണാടകയിൽ വച്ചുനടന്ന 24, 48, 96 മണിക്കൂർ റോൾബോൾ സ്കേറ്റിംഗിൽ ഗിന്നസ് അവാർഡ് ജേതാവാണ് ഹസ്ന . കൂടാതെ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് തുടങ്ങി 8 വേൾഡ് റെക്കാഡുകൾ ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് മത്സരങ്ങളിലെല്ലാം പങ്കെടുത്തത്. കേരളത്തിനു വേണ്ടി മിനി നാഷണൽ ചാമ്പ്യൻഷിപ്പിലും ജഴ്സിയണിഞ്ഞിട്ടുണ്ട്.