കൊച്ചി : കെ.സി.എയിൽ പുതിയ ഓംബുഡ്സ്‌മാൻ ചുമതലയേറ്റത് നിയമപ്രകാരമല്ലെന്ന് മുൻ ഓംബുഡ്സ്‌മാൻ റിട്ട. ജസ്റ്റിസ്. വി. രാംകുമാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പദവിയിൽ നിന്ന് ജസ്റ്റിസ് രാംകുമാറിനെ മാറ്റിയതിനെതിരെ കോട്ടയം ക്രിക്കറ്റ് അസോസിയേഷനിലെ ജി. കുമാർ, ബെർട്ട് ജേക്കബ് എന്നിവർ നൽകിയ ഹർജിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. പുതിയ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് കെ. പി. ജ്യോതീന്ദ്രനാഥ് ചുമതലയേറ്റത് അദ്ദേഹമോ ഭാരവാഹികളോ തന്നെ അറിയിച്ചില്ല. ചുമതല കൈമാറാൻ കെ.സി.എ ഭാരവാഹികൾ തന്റെ ഓഫീസിൽ അതിക്രമിച്ചു കയറി. ഇതു ക്രിമിനൽ കുറ്റമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ നിന്ന് :
മൂന്നു വർഷം കാലാവധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 2017 ഒക്ടോബർ പത്തിനാണ് നിയമിച്ചത്. 2019 ഒക്ടോബർ 11 നു കെ.സി.എയുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ കാലാവധി നീട്ടുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും അറിയിച്ചില്ല. ഒക്ടോബർ 12 ന് പൊതു അവധിയായിരുന്നിട്ടും പുതിയ ഓംബുഡ്സ്മാനെ നിയമിച്ചെന്ന് ഇ മെയിലിലൂടെ കെ.സി.എ അറിയിച്ചു. ജ്യോതീന്ദ്രനാഥിനെ ഫോണിൽ വിളിച്ച് ചുമതലയേൽക്കാൻ ഒക്ടോബർ 14ന് തന്റെ ഓഫീസിലെത്താൻ നിർദ്ദേശിച്ചു. എന്നാൽ ചുമതലയേറ്റെന്നാണ് മറുപടി ലഭിച്ചത്. കേസ് ഫയലുകളും രേഖകളും കാറും ഏറ്റുവാങ്ങാൻ ഒക്ടോബർ 14 ന് സെക്രട്ടറി വരുമെന്നും ജ്യോതീന്ദ്രനാഥ് പറഞ്ഞു. തുടർന്ന് ഒക്ടോബർ 12 ന് ഓഫീസിൽ പോയെങ്കിലും കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറക്കാനായില്ല. കെ.സി.എ അധികൃതരെ ഫോണിൽ വിളിച്ചു താക്കോൽ വരുത്തി. ഓഫീസ് തുറന്നു തന്നെങ്കിലും താക്കോൽ നൽകിയില്ല. ഓഫീസ് മറ്റാരോ ഉപയോഗിച്ചിട്ടുണ്ടെന്ന് കാഴ്ചയിൽ വ്യക്തമായി. കേസ് ഫയലുകളും റെക്കോർഡുകളും കാറും പുതിയ ഓംബുഡ്സ്മാന് നിയമപ്രകാരം കൈമാറേണ്ടതുണ്ട്. മുൻകൂട്ടി അറിയിച്ചെത്തി രേഖകൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്.
ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായതോടെ രേഖകളും കേസ് ഫയലും കൈമാറിയിട്ടില്ല. എ.സിയുടെ കണക്ഷൻ വിച്ഛേദിച്ചും മറ്റും തന്നെ പുകച്ചു പുറത്തു ചാടിക്കാനാണ് കെ.സി.എ ശ്രമിച്ചത്. ജയേഷ് ജോർജ്ജ്, ശ്രീജിത്ത്. വി. നായർ, അഡ്വ. കെ.എൻ. അഭിലാഷ് തുടങ്ങിയവർ ഒത്തുചേർന്നാണ് നടപടികൾ ആസൂത്രണം ചെയ്തത്. കാലാവധി നീട്ടില്ലെന്ന സൂചന നൽകിയിരുന്നെങ്കിൽ സ്ഥാനം ഒഴിയുമായിരുന്നു. ഓംബുഡ്സ്മാനായി മികച്ച പ്രകടനം കാഴ്ച വെക്കാനാവും. അല്ലെങ്കിൽ രേഖകൾ കൈമാറാൻ അനുവദിക്കണം.