ചെറിയ തട്ടിപ്പുകളിലൂടെ സംഘം കൊയ്യുന്നത് വൻ തുക

ആലുവ: ചില്ലറ ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയായിട്ടും നടപടിയില്ല. നഷ്ടപ്പെടുന്നത് ചെറിയ തുകകളായതിനാൽ ആരും പരാതി നൽകാത്തതാണ് പ്രശ്നം.

കഴിഞ്ഞ ദിവസങ്ങൽ ആലുവയിൽ മൂന്നിടത്ത് ചില്ലറ വില്പനക്കാരെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്തു. തട്ടിപ്പുകൾക്കെല്ലാം പിന്നിൽ ഒരേ സംഘമായിരിക്കാനാണ് സാധ്യത. രണ്ടിടത്ത് സമ്മാനം അടിച്ച ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് പണം തട്ടിയത്. മറ്റൊരിടത്ത് ചില്ലറയില്ലാത്തതിന്റെ പേരിൽ പഴയ ടിക്കറ്റ് മടക്കി നൽകിയായിരുന്നു തട്ടിപ്പ്.

500 രൂപ മുതൽ 1000 രൂപ വരെ മാത്രമാണ് ഓരോ സ്ഥലത്തും നഷ്ടമായത്. അതിനാൽ ആരും പരാതി നൽകിയിട്ടില്ല.

ബിനാനിപുരം സ്റ്റേഷൻ പരിധിയിലാണ് ആദ്യ തട്ടിപ്പ്. കിഴക്കേ കടുങ്ങല്ലൂരിൽ ലോട്ടറി വിൽക്കുന്ന വാത്തിയാട്ട് അശോകനെയാണ് കാറിലെത്തിയയാൾ 500 രൂപ സമ്മാനം അടിച്ച ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് നൽകി കബളിപ്പിച്ചത്. തൊട്ടടുത്ത ദിവസം ആലുവ റെയിൽവേ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ സബ് ഏജൻസിയായി നടത്തുന്ന ലോട്ടറി കേന്ദ്രത്തിലായിരുന്നു സമാന തട്ടിപ്പ്. ഇവിടെയും 1,000 രൂപ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ കളർ പകർപ്പെടുത്തായിരുന്നു തട്ടിപ്പ്.

സമ്മാനം അടിച്ച ലോട്ടറിയുടെ ഒറിജിനലും ഒരു പക്ഷെ തട്ടിപ്പുകാരുടെ കൈവശം ഉണ്ടായിരിക്കാം. അല്ലെങ്കിൽ സമ്മാനം ഇല്ലാത്ത ടിക്കറ്റിന്റെ നമ്പർ തിരുത്തിയ ശേഷം ഫോട്ടോസ്റ്റാറ്റ് എടുത്തതാകാനാണ് സാധ്യത.

ഏലൂരിൽ 71 വയസുകാരി കാർത്തുവിനെയാണ് കബളിപ്പിച്ചത്. കാർത്തുവിൽ നിന്നും 20 കാരുണ്യ പ്ലസ് ടിക്കറ്റ് ഒരു യുവാവ് വാങ്ങിയ ചില്ലറയില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ച് നൽകിയ ടിക്കറ്റുകൾ നേരത്തെ നറുക്കെടുത്ത സമ്മാനമില്ലാത്ത ടിക്കറ്റുകളായിരുന്നു. ചുരട്ടി നൽകിയതിനാൽ ടിക്കറ്റ് മാറ്റിയത് വൃദ്ധയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ചെറിയ തുകയുടെ തട്ടിപ്പുകളാണ് നടത്തുന്നതെങ്കിലും ഒരു ദിവസം പല സ്ഥലത്തും തട്ടിപ്പ് നടത്തുമ്പോൾ ഇവർ സമ്പാദിക്കുന്നത് വലിയ തുകയാണ്. റെയിൽവേ സ്റ്റേഷനിൽ തട്ടിപ്പ് നടത്തിയ ആളുടെ സിസി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.