highcourt

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകവും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടേത് 2020 ജനുവരി 31നകവും പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ നേരത്തേ ഹർജി പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചത്.

എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നഗരത്തിലെ സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത്കുമാർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മറ്റ് ആറ് നിർദ്ദേശങ്ങളും നൽകി.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളിൽ 1,33,384 അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയത് തദ്ദേശ ഭരണ വകുപ്പിന്റെ അഭിഭാഷകൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങി. നിശ്ചിത സമയത്തിനുള്ളിൽ റോഡ് വീണ്ടും തകർന്നാൽ കരാറുകാരനിൽ ബാദ്ധ്യത ചുമത്തുന്ന വ്യവസ്ഥ കർശനമായി പാലിക്കുമെന്നും നിർമ്മാണത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.

ഇനി ദുരന്തമുണ്ടാകരുത്

എറണാകുളത്ത് സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ ഉമേഷ്‌കുമാർ മരിച്ച സംഭവം ചൂണ്ടിക്കാട്ടി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. തകർന്ന റോഡുകൾ ഗതാഗതക്കുരുക്കിനു മാത്രമല്ല, ഇന്ധന നഷ്ടത്തിനും കാരണമാണ്. കുഴികൾ സമയബന്ധിതമായി നികത്തിയില്ലെങ്കിൽ റോഡ് പൂർണമായും തകരും. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ നിസംഗത ഇനി അനുവദിക്കാൻ കഴിയില്ല.

ഹൈക്കോടതിയുടെ ആറ് നിർദ്ദേശങ്ങൾ

1. റോഡ് നിർമ്മാണവും അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തണം

2. വീഴ്ച വരുത്തുന്നവർക്കെതിരെ സർവീസ് ചട്ടപ്രകാരവും ശിക്ഷാനിയമപ്രകാരവും നടപടി ഉറപ്പാക്കണം

3. റോഡുകളിൽ കുഴികളും വിള്ളലുകളും പ്രത്യക്ഷപ്പെട്ടാൽ ഉദ്യോഗസ്ഥർ ഉടൻ നടപടിയെടുക്കണം

4. അറ്റകുറ്റപ്പണിയിലെ വീഴ്ചയുടെ ഉത്തരവാദിത്വം വകുപ്പു മേധാവിക്കും തദ്ദേശ സ്ഥാപന സെക്രട്ടറിക്കും

5. തദ്ദേശ സ്ഥാപനങ്ങളിൽ റോഡുകളുടെ ദൈനംദിന അറ്റകുറ്റപ്പണിക്ക് പ്രത്യേക ടീമിനെ നിയോഗിക്കണം

6. പൊതുമരാമത്ത് റോഡുകളുടെ പട്ടികയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാട്ട്സ്അപ്പ് നമ്പരുമടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. റോഡ് തകർന്നത് ഇതിലൂടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താനാകും