കൊച്ചി:തുടക്കം തണുപ്പൻ മട്ടിൽ. പരസ്യപ്രചാരണം തീരാൻ ഇന്നൊരു ദിനം. ഇപ്പോൾ കഥ മാറി. വീറും വാശിയിലും മുന്നണികൾ പോരടിക്കുകയാണ്. മൂന്നു മുന്നണികളുടെയും സംസ്ഥാന നേതാക്കൾ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തിയതോടെ മത്സരരംഗം മുറുകി.
ഇത്തവണ സ്ഥാനാർത്ഥികൾ തുടക്കം മുതലേ വീടു കയറ്റമായിരുന്നു. നഗരവീഥികളിൽ ഓളം കുറഞ്ഞെങ്കിലും വോട്ടർമാരെ നേരിൽ കാണുകയെന്ന തന്ത്രമാണ് മുന്നണികൾ പയറ്റിയത്. തൊട്ടു പിന്നാലെ നേതാക്കളും മന്ത്രിമാരും വീടുകയറാനെത്തിയതോടെ ചിത്രം മാറി. ഉപതിരഞ്ഞെടുപ്പായതിനാൽ എറണാകുളത്തുകാർ തുടക്കം മുതൽ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. സ്ഥാനാർത്ഥികളും നേതാക്കളും വീട്ടുമുറ്റത്തെത്തിയതോടെ രാഷ്‌ട്രീയ ചർച്ചകൾ ചൂടുപിടിച്ചു.
ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം എത്രയാണെന്ന കണക്കൂട്ടൽ മാത്രമാണ് നടത്തുന്നതെന്നാണ് യു.ഡി.എഫുകാരുടെ വാദം. ഹൈബിയുടെ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും വൻ കുറവുണ്ടാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ.

മനു റോയിയിലൂടെ മറ്റൊരു അട്ടിമറി വിജയമാണ് എൽ.ഡി.എഫിന്റെ മനസിൽ. തുടക്കത്തിലുണ്ടായിരുന്ന പ്രചാരണ മുൻതൂക്കവും മന്ത്രിമാരും നേതാക്കളും വീടുകൾ കയറിയതും വോട്ടായി മാറുമെന്നാണ് ഇടതുമുന്നണി ക്യാമ്പിന്റെ കണക്കുകൂട്ടൽ.

എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ പെട്ടിയിൽ എത്ര വോട്ടു വീഴുമെന്നണ് മറ്റൊരു ആകാംഷ. രണ്ട് ലത്തീൻ സ്ഥാനാർത്ഥികൾക്കിടയിൽ പരമാവധി ഹിന്ദു വോട്ടുകൾ നേടാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ, സംഘടന തലത്തിലുള്ള ദൗർബല്യം രാജഗോപാലിന്റെ ജനപ്രീയതകൊണ്ട് മറി കടക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു.


ചർച്ചകൾ
പാലാരിവട്ടം പാലത്തിലൂടെയാണ് തിരഞ്ഞെടുപ്പ് ചർച്ച തുടങ്ങിയതെങ്കിലും ഒടുവിൽ എത്തി നിൽക്കുന്നത് നഗരസഭയിലാണ്. നഗരത്തിലൂടെ റോഡുകൾ നന്നാക്കാൻ കഴിയാത്ത ഡെപ്യൂട്ടി മേയർ എം.എൽ.എയായാൽ എന്തായിരിക്കുമെന്ന ചോദ്യമാണ് ഇടതുമുണിയുടെ പ്രധാന ആയുധം. 30 വർഷം തുടർച്ചായി നഗരം ഭരിച്ചിട്ട് എന്തു ചെയ്‌തുവെന്ന മറു ചോദ്യമാണ് യു.ഡി.എഫിന്റേത്. സമുദായ വോട്ടുകൾ നേടാനുള്ള മുന്നികളുടെ ശ്രമവും വ്യക്തമാണ്.

പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
കൊച്ചി: ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗും കഴിഞ്ഞു. 20ന് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. 21 ന് രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ്. കമ്മിഷനിംഗ് പൂർത്തീകരിച്ച വോട്ടിംഗ് യന്ത്രങ്ങൾ മഹാരാജാസ് കോളജിലെ സ്ട്രോംഗ്റൂമിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. 20 ന് രാവിലെ 10 മണിക്ക് പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. പരസ്യ പ്രചാരണം 19 ന് വൈകീട്ട് ആറു മണിക്ക് അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.