പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ് കായലിൽ നാട്ടിയിരിക്കുന്ന അനധികൃത ചീനവലകൾക്കെതിരെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിന്റെ നേതൃതത്തിൽ നടപടി തുടങ്ങി. വല ഉടമകളെ നേരിൽ കണ്ടാണ് നോട്ടീസ് നൽകിയത്.ഉടമകളെ കണ്ടെത്താത്ത വലകളുടെ കുറ്റികളിൽ നോട്ടീസ് പതിപ്പിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. കേരള ഉൾനാടൻ ഫിഷറീസ് ആക്ട് പ്രകാരമാണ് പരിശോധന. പരമ്പരാഗത തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി. മാസങ്ങൾക്ക് മുൻപ് കുമ്പളങ്ങി കായലിന് കിഴക്ക് വശത്തുള്ള നൂറോളം വലകൾ അധികാരികൾ നീക്കം ചെയ്തിരുന്നു. ഇതിൽ 12 പേർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. കുമ്പളങ്ങി, പെരുമ്പടപ്പ്, ഇടക്കൊച്ചി ഭാഗങ്ങളിലായി നിരവധി ചീനവലകളാണ് പുതുതായി വന്നിരിക്കുന്നത്. കായലിലെ നീരൊഴുക്കിന് ഈ വലകൾ തടസമാണ്. ടൺ കണക്കിന് മത്സ്യ വിഭവങ്ങളാണ് ഇതുമൂലം കായലിൽ ചൂഷണം ചെയ്യുന്നത്.
# 50 ഓളം പേർക്ക് നോട്ടീസ് നൽകി
# വലകൾ രണ്ട് ആഴ്ചക്കകം നീക്കം ചെയ്യണം
# 800 ഓളം ചീനവലകൾ അനധികൃതമായി പ്രവർത്തിക്കുന്നു