ആലുവ: നിരാശ്രയരായ സ്ത്രീകൾക്കായി സഹോദരൻ അയ്യപ്പന്റെ പത്നി പാർവ്വതി അയ്യപ്പൻ സ്ഥാപിച്ച തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ വീണ്ടും കതിർ മണ്ഡപമൊരുങ്ങുന്നു. ശ്രീനാരായണ സേവിക സമാജത്തിൽ ശാന്തി മന്ദിരത്തിൽ താമസിക്കുന്ന അന്തേവാസി വിനിയെ ചവറ ചിറ്റൂർ ശ്രീമന്ദിരത്തിൽ പീതാംബരന്റെയും വാസന്തിയുടെയും മകൻ ഹരീഷ് കുമാറാണ് ജീവിത സഖിയാക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.35നും 12.55നും മദ്ധ്യേയാണ് താലികെട്ട്. മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് 1998ലാണ് കൊല്ലം കരുനാഗപ്പിള്ളി സ്വദേശിനികളായ വിനിയും ജ്യേഷ്ഠസഹോദരി വിജിയും ഗിരിയിലെത്തിയത്. നഴ്സിംഗ് പഠനത്തിന് ശേഷം വർഷങ്ങളോളം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ അസി. നഴ്സായിരുന്നു. ആറ് മാസമായി രാജഗിരി ആശുപത്രിയിലാണ്. കളമശേരി ഫുഡ്ക്രാഫ്റ്റിൽ ബേക്കറി കോഴ്സ് പഠിച്ച ശേഷം സഹോദരി വിജി അടുത്ത ബന്ധുക്കൾക്കൊപ്പം അഞ്ച് വർഷം മുമ്പ് തിരികെ നാട്ടിലേക്ക് പോയി.

കൊല്ലം കെ.എം.എം.ആർ.എല്ലിനെ ജീവനക്കാരനാണ് ഹരീഷ് കുമാർ. വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്. ജസ്റ്റ്സ് ദമ്പതികളായ കെ. സുകുമാരൻ, കെ.കെ. ഉഷ, പ്രൊഫ. എം.കെ. സാനു, ഡോ. വിജയൻ, അഡ്വ. സീമന്തിനി ശ്രീവത്സൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിക്കാനെത്തും.