പേരണ്ടൂർ കനാൽ : മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ്ണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒമ്പതു നിർദ്ദേശങ്ങളും സിംഗിൾബെഞ്ച് നൽകി. കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കനാൽ ശുചീകരണത്തിൽ നഗരസഭയെ പൂർണ്ണമായും വിശ്വസിക്കാനാവാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കനാലിന്റെ ഏറ്റവും ചുരുങ്ങിയ വീതി നാലു മീറ്ററാണെന്നും നഗരസഭ തന്നെ കനാൽ കൈയേറിയിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കനാലിന്റെ മൂന്നു കിലോമീറ്ററോളം സർവേ കഴിഞ്ഞു. ഇതു പൂർത്തിയാക്കാൻ രണ്ടു മാസം കൂടി വേണം. കനാൽ 16.5 മീറ്റർ വീതിയിലാക്കാൻ പ്രത്യേക പദ്ധതിയുണ്ടെന്നും എ.ജി വ്യക്തമാക്കി.
# ഹർജി നവംബർ 15 നു പരിഗണിക്കാൻ മാറ്റി
സിംഗിൾബെഞ്ചിന്റെ നിർദ്ദേശങ്ങൾ
1 പേരണ്ടൂർ കനാലിൽ മാലിന്യം തള്ളുന്നത് നിരോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ / ഉത്തരവോ സർക്കാർ ഇറക്കണം. നിയമലംഘകർക്കെതിരെ പൊലീസ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവ പ്രകാരം നടപടിയെടുക്കണം. കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കണം
2 കനാൽ ശുചീകരിക്കാനുള്ള അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കണം
3 കനാലിന് സമീപമുള്ള ആൾപ്പാർപ്പു കുറഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണം
4 നഗരസഭക്ക് ഇക്കാര്യത്തിൽ പൊലീസ് സഹായം ലഭ്യമാക്കണം. പരാതിയിൽ നടപടിയെടുക്കണം
5 വാർഷി ശുചീകരണത്തിനു പകരം ദിനംതോറുമുള്ള ശുചീകരണമാണ് വേണ്ടത്
6 റവന്യു, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിമാർ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണം
7 ദൈനംദിന ശുചീകരണം സംബന്ധിച്ച റിപ്പോർട്ട് നഗരസഭ മാസം തോറും നൽകണം
8 കോടതി വിധിയുടെ സംക്ഷിപ്ത രൂപം നഗരസഭ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം
9 മാലിന്യം തള്ളുന്നത് നിരോധിച്ചെന്ന ബോർഡുകൾ കനാലിന്റെ ഇരുകരകളിലും സ്ഥാപിക്കണം