കൊച്ചി: രാജീവ് ആവാസ് യോജന (റേ )പദ്ധതിയുടെ കരാറുകാരന് നിയമവിരുദ്ധമായി സെക്യൂരിട്ടി ഡെപ്പോസിറ്റ് തുക തിരിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് സംഘം കൊച്ചി കോർപ്പറേഷനിലെത്തി. 91,22 ലക്ഷം രൂപ കൗൺസിലിന്റെ അംഗീകാരം തേടാതെ നിയമവിരുദ്ധമായി നൽകിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് അന്വേഷണം.
രണ്ടാംഡിവിഷനിലെ തുരുത്തി കോളനിയിലാണ് 11 നിലകളുള്ള കെട്ടിടം പണിയുന്നത്. 18,24,57,500 രൂപയ്ക്ക് സിറ്റ്‌കോ അസോസിയറ്റ്‌സിനാണ് കരാർ നൽകിയത്. ഇതിൽ 14,75,00,000 രൂപയ്ക്കാണ് കൗൺസിലിന്റെ അംഗീകാരം. 2017 ഫെബ്രുവരി 13ന് ഏറ്റെടുത്ത ജോലി 2019 ഫെബ്രുവരി 19ന് അവസാനിക്കേണ്ടിയിരുന്നു. എന്നാൽ, ഇതുവരെ താഴത്തെ നിലയുടെ സ്ലാബിന്റെ പ്രവൃത്തിയും ഒന്നാംനിലയുടെ കോളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാതെ കരാർ ലംഘിച്ച കരാറുകാരന് നഗരസഭ 8.77 കോടി നൽകിയിട്ടുണ്ട്.
കരാർ പ്രവൃത്തി പൂർത്തീകരിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി നിർമാണത്തിൽ കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തിയാണ് സെക്യൂരിട്ടി ഡെപ്പോസിറ്റ് തിരിച്ചുനൽകേണ്ടത്. എന്നാൽ കൗൺസിലിന്റെ അനുമതിയില്ലാതെ കരാറുകാരന് തുക നൽകാൻ മേയർ തീരുമാനിക്കുകയായിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ തദ്ദേശസ്വയംഭരണവകുപ്പിന് പരാതി നൽകി. 14.75 കോടിയുടെ എസ്റ്റിമേറ്റ് തുക 18 കോടിയിലധികം വർദ്ധന വരുത്തി കരാറുകാരനെ അവിഹിതമായി സഹായിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം.
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് അഡീഷണൽ സെക്രട്ടറിയും ഓഡിറ്ററുമായ എം .എസ് ബിജുക്കുട്ടൻ, ഓഫീസർമാരായ ബിനോയ് മാത്യു, എസ് .കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണത്തിന് എത്തിയത്. കൗൺസിൽ ഹാളിൽ നടന്ന തെളിവെടുപ്പിൽ പ്രതിപക്ഷനേതാവ് കെ .ജെ. ആന്റണി, എൽ.ഡി.എഫ് പാർലമെന്ററി സെക്രട്ടറി വി .പി .ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ പൂർണിമാ നാരായൺ, പ്രതിഭാ അൻസാരി, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, സീനത്ത് റഷീദ്, ഷീബാലാൽ, ജിമിനി, കെ .ജെ. ബേസിൽ എന്നിവർ മൊഴിനൽകി. അന്വേഷണസംഘം പദ്ധതിപ്രദേശമായ തുരുത്തി കോളനി സന്ദർശിച്ചു.